മണ്ണാർക്കാട്: ദേശീയപാത എം ഇ എസ് കല്ലടി കോളേജിന് സമീപം റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടു. പരിക്ക് സാരമുള്ളതല്ല. എം.ഇ.എസ്. കല്ലടി കോളേജിന് മുൻവശം റോഡിന്റെ ഇറക്കം തുടങ്ങുന്ന ഭാഗത്താണ് എണ്ണ പരന്നുകിടന്നിരുന്നത്. ഇതറിയാതെ സഞ്ചരിച്ച ഒരു ബൈക്ക് യാത്രികൻ തെന്നിവീണു. മറ്റു രണ്ട് യാത്രികർ തെന്നിവീഴാൻ പോവുകയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.40-നാണ് സംഭവം അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന റോഡിലെ എണ്ണ നീക്കംചെയ്ത് അപകടഭീതി ഒഴിവാക്കി.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രാഹുൽ, വിജിത്ത്, അജീഷ്, ഷബീർ, ടിജോ തോമസ്, പ്രശാന്ത് എന്നിവർ ചേർന്ന് റോഡിൽ സോപ്പുപൊടി വിതറി വെള്ളം പമ്പുചെയ്ത് എണ്ണ നീക്കം ചെയ്തു. ഏതുവാഹനത്തിൽനിന്നാണ് എണ്ണ റോഡിൽ പരന്നതെന്ന് വ്യക്തമല്ല.