പോസ്റ്റര്‍ വ്യാജം; നിയമനടപടി സ്വീകരിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ കേരളത്തിലെ ജെ.ഡി-എസ് നേതാക്കൾ ഉൾപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും. പോസ്റ്റർ വ്യാജമായി നിർമിച്ചതാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇന്ന് തന്നെ ഡി.ജി.പിക്ക് പരാതി നൽകും. കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് ജെ.ഡി-എസ് നേതാവും മുൻ മന്ത്രിയുമായി മാത്യു ടി. തോമസ് പ്രതികരിച്ചു. തന്‍റെയും കൃഷ്ണൻകുട്ടിയുടെയും ചിത്രം വച്ച് അടിച്ചാൻ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററിലാണ് കേരളത്തിലെ ജെ.ഡി-എസ് നേതാക്കളുടെ ചിത്രങ്ങൾ വന്നത്. ബംഗളൂരു റൂറൽ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥിന് വോട്ടഭ്യർഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി-എസ് മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും പാർട്ടി കേരള അധ്യക്ഷനായിരുന്ന മാത്യു ടി. തോമസിനെയും ഉൾപ്പെടുത്തിയത്. ഇരുവരും നിലവിൽ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.

Post a Comment

Previous Post Next Post