മണ്ണാർക്കാട്: സി.വി.ആർ. ആശുപത്രിക്കെതിരേയുള്ള നിക്ഷേപത്തട്ടിപ്പു കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഇതിനകം പന്ത്രണ്ടോളം കേസുകൾ രജിസ്റ്റർ ചെയ്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു. ലാഭവിഹിതവും ചികിത്സാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് ആശുപത്രി മാനേജ്‌മെന്റ് കബളിപ്പിച്ചെന്നാണ് നിക്ഷേപകരുടെ പരാതി. നൂറിലധികം പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നിക്ഷേപത്തുക തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നിക്ഷേപകർ രംഗത്തെത്തിയിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചു. ഇതുപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ആശുപത്രിയിൽ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. രണ്ടുദിവസം നീണ്ട പരിശോധനയിൽ തട്ടിപ്പു സംബന്ധമായതും നിക്ഷേപം സ്വീകരിച്ചതുമായ രേഖകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. അതേസമയം, കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് നിക്ഷേപത്തട്ടിപ്പിന് ഇരയായവർ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുമെന്നും വിവരമുണ്ട്.