കാട്ടുപന്നിയുടെ ആക്രമണം; വിയ്യക്കുറുശ്ശിയില്‍ അഞ്ചുവയസ്സുകാരന് പരിക്ക്

മണ്ണാര്‍ക്കാട് : വിയ്യക്കുറുശ്ശിയില്‍ സ്‌കൂളിലേക്ക് പോകും വഴി കാട്ടുപന്നിയിടിച്ച് വിദ്യാര്‍ഥിയ്ക്ക് പരിക്ക്. പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍-സജിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് (5) പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള വിയ്യക്കുറുശ്ശി എല്‍പി സ്‌കൂളിലാണ് ആദിത്യന്‍പഠിക്കുന്നത്. രാവിലെ സഹോദരനും അമ്മയുടെ സഹോദരിയ്ക്കുമൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു. ഇതിനിടെ വിയ്യക്കുറുശ്ശി പച്ചക്കാട് റോഡരുകില്‍ നിന്നും കാട്ടുപന്നി ഇവര്‍ക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. കാട്ടുപന്നിയുടെ ഇടിയേറ്റ് ആദിത്യന്‍ തെറിച്ച് വീണു. കൈയിലും നെറ്റിയിലും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നു ബഹളം വച്ചതോടെ കാട്ടുപന്നി ഓടി മറയുകയായിരുന്നു. കുട്ടിയെ നാട്ടുകാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ല. വിവരമറിഞ്ഞ് വനപാലകര്‍ ആശുപത്രിയിലെത്തിയിരുന്നു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Previous Post Next Post

نموذج الاتصال