മണ്ണാർക്കാട്: കോടതിപ്പടി ചോമേരി ഗാർഡൻ റസിഡൻഷ്യൽ ഏരിയയിൽ മോഷണശ്രമം. ചോമേരി ഗാർഡൻ മൂന്നാം സ്ട്രീറ്റിലെ കല്ലിസ് ഫൈസലിന്റെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് മോഷ്ടാവിനെ കണ്ടതായി പറയുന്നത്. അടുക്കളയിലുണ്ടായിരുന്ന ഫൈസലിന്റെ ഭാര്യ ഗ്രില്ലിലൂടെ വീടിന് പുറത്ത് മോഷ്ടാവ് നിൽക്കുന്നത് കാണുകയും ബഹളം
വച്ചതോടെ ഇയാൾ ഓടി മറയുകയുമായിരുന്നു. വീട്ടിലെ CCTV യിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും സമയം 2.58 എന്നാണ് കാണിക്കുന്നത്. CCTV യിലെ സമയത്തിൽ സാങ്കേതിക തെറ്റുള്ളതിനാലാണ് സമയം വ്യത്യാസമായി കാണുന്നതെന്നും പുലർച്ചെ അഞ്ചരയോടു കൂടിയാണ് മോഷ്ടാവിനെ കണ്ടതെന്നുമാണ് വീട്ടുകാർ പറയുന്നത്. CCTV
ദൃശ്യങ്ങളിലുള്ളയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വെളുപ്പാൻ കാലത്ത് നടന്ന മോഷണശ്രമം പ്രദേശവാസികളിൽ ഭീതി പരത്തുന്നു. ഒരു മാസം മുമ്പും ഈ ഏരിയയിൽ മോഷണശ്രമം ഉണ്ടായതായി പറയുന്നു. വീട്ടുടമ പോലീസിൽ പരാതി നൽകി. മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും ചോമേരി ഗാർഡൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. അക്ബർ, സെക്രട്ടറി അസ്ലം അച്ചു എന്നിവർ ആവശ്യപ്പെട്ടു.