മണ്ണാര്‍ക്കാട് മേഖലയില്‍ വി.കെ.ശ്രീകണ്ഠന്‍ റോഡ് ഷോ നടത്തി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന്‍ റോഡ് ഷോ നടത്തി. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. നൂറിലധികം ഇരുചക്രവാഹനങ്ങളില്‍ ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. കലാലയങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥിയെത്തി വോട്ടഭ്യര്‍ഥിച്ചു. ഇന്നലെ രാവിലെ തെങ്കര പഞ്ചായത്തിലെ ആനമൂളിയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയേയും നേതാക്കളെയും സ്വീകരിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  തെങ്കര യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഫൈസല്‍ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്റഫ്, പി.ആര്‍. സുരേഷ്, മറ്റു നേതാക്കളായ റഷീദ് ആലായന്‍, അസീസ് ഭീമനാട്, ടി.എ. സലാം, ടി.എ. സിദ്ദീഖ്, കളത്തില്‍ അബ്ദുള്ള, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഗിരീഷ് ഗുപ്ത, സി.മുഹമ്മദ് ബഷീര്‍, ഹരിദാസ് ആറ്റക്കര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോ തുടങ്ങി.  ചെക്ക് പോസ്റ്റ് പരിസരത്ത് യു.ഡി.എഫ്. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി. നഗരത്തിലെ നജാത്ത് കോളജ്, എം.ഇ.എസ്. കല്ലടി കോളജ്, എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥിയെത്തി. എം.ഇ.എസ്. കല്ലടി കോളജ് പരിസരത്തു നിന്നും കുമരംപുത്തൂര്‍ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണത്തോടെ ഉച്ചതിരിഞ്ഞ് റോഡ് ഷോ വീണ്ടും ആരംഭിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് അതിര്‍ത്തിയായ അരിയൂരില്‍ സമാപിച്ചു. ഇവിടെനിന്നും കോട്ടോപ്പാടം പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയും  പിന്നീട് അലനല്ലൂര്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും   സ്ഥാനാര്‍ഥിയേയും നേതാക്കളേയും സ്വീകരിച്ചു. ഉണ്യാലില്‍ നിന്ന് എടത്തനാട്ടുകര യു.ഡി.എഫ്. മേഖലാകമ്മിറ്റിയും സ്വീകരിച്ചു. പ്രധാനറോഡിലൂടെ സഞ്ചരിച്ച റോഡ് ഷോ വൈകീട്ടോടെ കോട്ടപ്പള്ളയില്‍ സമാപിച്ചു.

Post a Comment

Previous Post Next Post