മണ്ണാർക്കാട്: പാലക്കാട് ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ റോഡ്ഷോ നടത്തി. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് മണ്ണാർക്കാട് പട്ടണത്തിൽ കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസ്‌ക്കെട്ടിട പരിസരത്തുനിന്നാണ് റോഡ്ഷോ തുടങ്ങിയത്. നെല്ലിപ്പുഴ ജങ്ഷനിൽ സമാപിച്ചു. പട്ടണത്തിലൂടെ നീങ്ങിയ തുറന്ന ജീപ്പിൽ സ്ഥാനാർഥി ആളുകളെ അഭിവാദ്യംചെയ്തു. ചെണ്ടമേളം, ബാനറുകൾ, സ്ഥാനാർഥിയുടെ ചിത്രംപതിച്ച കാർഡുകൾ, മുത്തുക്കുടകൾ, കൊടിയേന്തിയ പ്രവർത്തകർ എന്നിവ റോഡ്ഷോയിൽ അണിനിരന്നു.
സി.പി.എം. ജില്ലാക്കമ്മിറ്റിയംഗം പി.കെ. ശശി, ഏരിയാ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്ബേബി, സി.പി.എം. മണ്ണാർക്കാട് ഏരിയാ സെന്റർ അംഗം എം. വിനോദ്കുമാർ, കേരള കോൺഗ്രസ് നേതാവ് അഡ്വ. ജോസ് ജോസഫ്, എൻ.സി.പി. പ്രതിനിധി സദഖത്തുള്ള പടലത്ത്, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് മനോമോഹനൻ എന്നിവർ നേതൃത്വംനൽകി.
മാനവികത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായും മോദിക്കനുകൂലമായും പാർലമെന്റിൽ സംസാരിക്കാനാണ് യു.ഡി.എഫ്. പ്രതിനിധികൾ കഴിഞ്ഞ അഞ്ചുവർഷം ശ്രമിച്ചതെന്ന് എ. വിജയരാഘവൻ പറഞ്ഞു.
എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ പ്രചാരണപരിപാടിക്കാണ് ചൊവ്വാഴ്ച തുടക്കമായത്. രാവിലെ എടത്തനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ എന്നിവിടങ്ങളിലെത്തിയ സ്ഥാനാർഥി വീടുകളിലെത്തി നേരിട്ട് വോട്ടഭ്യർഥിച്ചു. സി.പി.ഐ. നേതാവായിരുന്ന കുമരംപുത്തൂരിലെ കൊങ്ങശ്ശേരി കൃഷ്ണന്റെ വീടും സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് തെങ്കര മേഖലയിൽ ഗൃഹസന്ദർശനം നടത്തി.
ബുധനാഴ്ച അട്ടപ്പാടി മേഖലയിൽ പര്യടനം നടത്തും.