മണ്ണാർക്കാട്: ലഹരിക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍, മാലിന്യനിക്ഷേപം, അനധികൃതപാര്‍ക്കിംഗ് എന്നിവയെല്ലാം തടയാനും നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാനും, പൊലിസിനും സഹായകമാകുന്ന നഗരത്തെ നിരീക്ഷണ കാമറ വലയത്തിലാക്കുന്നതിനുള്ള നഗരസഭയുടെ പദ്ധതി ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭ്യമാകാത്തതിനാൽ അനന്തമായി നീളുന്നു. കാമറകള്‍ സ്ഥാപിക്കുന്നതിനും കേബിള്‍ ഉറപ്പിക്കുന്നതിനായി അമ്പത് കാലുകള്‍ സ്ഥാപിക്കുന്നതിനുമായി ദേശീയപാത അധികൃതരുടെ അനുമതി ആവശ്യമാണ്, ഇതാണ് ലഭ്യമാകാതിരുന്നത്. 65 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഇവരില്‍ നിന്ന് കോഴിക്കോടുള്ള കമ്പനി കരാര്‍ ഏറ്റെടുത്തെങ്കിലും അനുമതി ലഭ്യമാകാത്തതിനാൽ പ്രാരംഭ നടപടികൾ പോലും തുടങ്ങാനായില്ല.
പട്ടണത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പ് സാങ്കേതിക വിഭാഗവും കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയും (കെ.ഇ.എൽ.) പരിശോധന നടത്തും. ദേശീയപാതയോരത്ത് പുതിയ തൂണുകൾ സ്ഥാപിക്കാതെ നിലവിലുള്ള തെരുവുവിളക്കിന്റെ തൂണുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള സാധ്യതയാണ് തേടുന്നത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നെല്ലിപ്പുഴ പാലത്തിനും കുന്തിപ്പുഴ പാലത്തിനും ഇടയിലുള്ള 3.5 കിലോമീറ്ററിലാണ് ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി.
കേബിൾ ഉറപ്പിക്കുന്നതിനും മറ്റുമായി അമ്പതോളം തൂണുകൾ സ്ഥാപിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ, ഇതിന് ദേശീയപാതാ അതോറിറ്റിയിൽനിന്ന് അനുമതി ലഭ്യമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് അധികൃതർ ബദൽമാർഗം തേടുന്നത്. തെരുവുവിളക്കിന്റെ തൂണുകളിൽ ക്യാമറ സ്ഥാപിക്കൽ സാധ്യമാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ അടങ്കൽ പുതുക്കി ചീഫ് എൻജിനിയർക്ക് സമർപ്പിക്കും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഒരുമാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് സാങ്കേതികവിഭാഗം ലക്ഷ്യമിടുന്നത്.