മണ്ണാർക്കാട്: ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന കുരുത്തിച്ചാലിലേക്ക് അപായ മുന്നറിയിപ്പുകൾ വകവെക്കാതെ അവധി ദിവസങ്ങളിൽ സന്ദർശകരുടെ പ്രവാഹം. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടു. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് ഒറ്റപ്പാലം സബ് കളക്ടർക്ക് കത്ത് നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സന്ദർശകരുടെ തിരക്കും ബഹളവും പരിസരവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കയാണ്. കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാൽ ഭാഗം സ്ഥിതിചെയ്യുന്നത്.
യുവാക്കളാണ് കൂടുതലും. കുടുംബസമേതം എത്തുന്നവരുമുണ്ട്. ഒഴിവുദിവസങ്ങളിൽ ഈഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്. പോലീസ്, എക്സൈസ്, വനംവകുപ്പ് എന്നിവർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സ് കൂടിയായ പുഴ മലിനപ്പെടാതിരിക്കാൻ നിയന്ത്രണമേർപ്പെടുത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
പുഴയിൽ ജൽജീവൻമിഷൻ പദ്ധതിയുടെ ഭാഗമായുള്ള പണി നടക്കുന്നുണ്ട്. ഇതിനുള്ള സാമഗ്രികൾ എത്തിക്കുന്നതിന് സന്ദർശകരുടെ വാഹനത്തിരക്ക് തടസ്സമാകുന്നുണ്ട്.
തെളിമയും നട്ടുച്ചയ്ക്കുപോലും തണുപ്പുമുള്ള വെള്ളം കുരുത്തിച്ചാലിന്റെ ആകർഷണീയതയാണ്. പുഴയിലിറങ്ങി കുളിച്ചും ഉയരമുള്ള പാറക്കെട്ടുകളിൽക്കയറി സാഹസികമായി സെൽഫിയെടുത്ത് ഉല്ലസിച്ചുമാണ് സന്ദർശകർ മടങ്ങാറ്്.
അപകടമുന്നറിയിപ്പ് നൽകിയാലും ആളുകൾ പിൻമാറാൻ കൂട്ടാക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അവധിദിവസങ്ങളിൽ പോലീസിന്റെ നിരീക്ഷണവും നിയന്ത്രണവും ഇവിടെ കുറയുന്നതായി നാട്ടുകാർ ആരോപിച്ചു.
പാറക്കെട്ടുകളും കയങ്ങളും ധാരാളമുള്ള കുരുത്തിച്ചാലിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിന് സാധ്യതയേറെയാണ്.
കഴിഞ്ഞ 11 വർഷത്തിനിടെ പന്ത്രണ്ടിലധികം ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പലരും രക്ഷപ്പെട്ടിട്ടുള്ളത്.
സൈലന്റ് വാലി മേഖലയിൽ ശക്തമായ വേനൽമഴ പെയ്താൽ കുരുത്തിച്ചാലിലേക്ക് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാകും. ഇതൊന്നുമറിയാതെ ഉല്ലസിക്കാനെത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്.