പ്രതീകാത്മക ചിത്രം
പാലക്കാട്: അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ചെറായ കോങ്ങാട് സുന്ദരന്‍ (36) എന്നയാള്‍ക്ക് മൂന്ന് മാസവും 10 ദിവസവും തടവും 4500 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍. അനിതയാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം ഒരുമാസവും 10 ദിവസവും അധിക തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാത്തതിലുള്ള വിരോധം വെച്ച് പ്രതി പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്. പരാതിക്കാരന്‍ വിചാരണ മധ്യേ മരണപ്പെട്ടു. കോങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി.