പാലക്കാട്: ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണ്ണാർക്കാട് എലമ്പുലാശ്ശേരി, കരിയോട് കൈച്ചിറ വീട്ടിൽ ഷിബിൻ.കെ.വർഗ്ഗീസിനെ (27) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
2023 ജൂലൈയിൽ നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട MDMA യും, ഉണക്ക കഞ്ചാവും പിടിക്കപ്പെട്ടതിന് ഷിബിൻ പ്രതിയായതിനെ തുടർന്നാണ് കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.തുടർന്ന് 2024 വർഷത്തിൽ ഫെബ്രുവരിമാസത്തിലും നിരോധിക്കപ്പെട്ട ലഹരിവസ്തുവായ MDMA പിടിക്കപ്പെട്ടതിന് കേസിൽ ഷിബിൻ പ്രതിയായിട്ടുള്ളതാണ്.
NDPS നിയമത്തിൽ പ്രതിപാദിക്കുന്ന യാതൊരുവിധ അധികാരപത്രമോ രേഖയോ ഇല്ലാതെ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് ഉപയോഗത്തിനും വിതരണത്തിനുമായി ചെറിയ അളവിലും, ചെറിയ അളവിനു മുകളിലും വാണിജ്യ അളവിനു താഴെയുമായി വിൽപ്പനയ്ക്കും വിതരണത്തിനുമായി കൈവശം വയ്ക്കുക, കൂടാതെ നിരോധിത മാരക മയക്കുമരുന്നിനത്തിൽപ്പെട്ട മെത്തഫെറ്റമിൻ വിൽപ്പനയ്ക്കും വിതരണത്തിനും ഉപയോഗത്തിനുമായി മീഡിയം അളവിൽ കൈവശം വയ്ക്കുക, കൂടാതെ നിരോധിത മാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA വാണിജ്യ അളവിൽ വിൽപ്പന നടത്തുക എന്നീ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടതിനാണ്ഷിബിൻ.കെ.വർഗ്ഗീസിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്. മണ്ണാർക്കാട്, മലമ്പുഴ, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകളിലും, അഗളി എക്സൈസ് റേഞ്ച് ഓഫീസിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.