കാഞ്ഞിരപ്പുഴ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതിന് വ്യാപാരസ്ഥാപന ഉടമയിൽനിന്നും പഞ്ചായത്തധികൃതർ 10,000 രൂപ പിഴയീടാക്കി. പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനത്തിനെതിരെയാണ് നടപടി.
മാലിന്യം കത്തിക്കുന്നതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണെന്ന പരാതിയെ ത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന നിർദേശവും നൽകി.
മാലിന്യം തരംതിരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുക, പ്രതിമാസ യൂസർഫീ നൽകുക എന്നിവയോടൊപ്പം മാലിന്യം കൂട്ടിയിടുകയോ വലിച്ചെറിയുകയോ കത്തിക്കുകയോ ഒഴുക്കിവിടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം ധരിപ്പിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.