പാലക്കാട്: ഓട്ടോകാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 10.30-ന് ചന്ദ്രനഗർ കൽമണ്ഡപം റോഡിലായിരുന്നു സംഭവം. ചന്ദ്രനഗറിൽ സർവീസ് റോഡിലൂടെ വാളയാർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഓട്ടോകാറിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ജിജേഷാണ് (33) ബൈക്കോടിച്ചിരുന്നത്.
ചന്ദ്രനഗർ കൽമണ്ഡപം റോഡിലുള്ള ശ്രീചക്ര ഹോട്ടലിനു മുൻവശമെത്തിയപ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഒരുവശത്തേക്ക് മറിഞ്ഞു. റോഡിൽ പത്തുമീറ്ററോളം മുന്നോട്ടുപോയാണ് ബൈക്ക് നിന്നത്. ഇതിനിടെ, ബൈക്കിൽനിന്ന് പെട്രോൾ ചോർന്നത് തീപ്പിടിത്തത്തിന് കാരണമായി. വാഹനത്തിൽ ഫുൾടാങ്ക് പെട്രോളുണ്ടായിരുന്നെന്ന് ജിജേഷ് പറഞ്ഞു.
സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്കോടിച്ചിരുന്ന കണ്ണാടി സ്വദേശി ജിജേഷിന്റെ തുടയിലും കൈവിരലുകൾക്കും ചെറിയ പരിക്കേറ്റു. ജിജേഷിനൊപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കുകളില്ല.