ശ്രീകൃഷ്ണപുരം: കരിമ്പുഴ കൂട്ടിലക്കടവിൽ ചെറുപുഴയിലിറങ്ങി അപകടത്തിൽപ്പെട്ട തൃക്കടീരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ മകൾ റിസ്വാന (19), മണ്ണാർക്കാട് താമസിക്കുന്ന കരുവാരക്കുണ്ട് ചെറുമല വീട്ടിൽ അബൂബക്കറിന്റെ മകൾ ദീമ മെഹ്ബ (20), കോട്ടോപ്പാടം പുറ്റാനിക്കാട് പുത്തൻവീട്ടിൽ ഷംസുദ്ദീന്റെയും നബീസയുടെയും ഏകമകൻ ബാദുഷ (20) എന്നിവരുടെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി.
കാരാകുർശ്ശി ചോലേക്കാട്ടിൽ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും മൂന്നു പെൺമക്കളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. റാബിയത്താണ് മരിച്ച റിസ്വാനയുടെ മാതാവ്. സഹോദരൻ: മുഹമ്മദ് നിയാസ്. റിസ്വാന തൃക്കടീരി ഹയർസെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
സുഹറയാണ് ദീമയുടെ മാതാവ്. സഹോദരങ്ങൾ: അദീം, ഡിസ്‌ല മെഹ്‌റിൻ. . ദീമ മെഹ്ബ മണ്ണാർക്കാട് നജാത്ത് കോളജിലെ അവസാനവർഷ ബിരുദവിദ്യാർഥിനിയാണ്
വ്യാഴാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം . അരപ്പാറയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മൂവരും. പൊമ്പ്ര കൂട്ടിലക്കടവിൽ പുഴയ്ക്ക് അപ്പുറത്തുള്ള തോട്ടം കാണാൻ ബന്ധുക്കളോടൊപ്പം എത്തിയപ്പോഴാണ് ഇവർ പുഴയിലിറങ്ങിയത്. ഇതിനിടെ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നിലവിളിച്ച് ആളുകളെ വിവരം അറിയിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും ട്രോമാ കെയർ വൊളന്റിയർമാരും ചേർന്നാണ് മൂവരെയും വെള്ളത്തിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആറുമണിയോടെ റിസ്വാന മരിച്ചു. ഒമ്പതോടെ ദീമ മെഹ്ബ മരണത്തിന് കീഴടങ്ങി. ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടോടെയായിരുന്നു ബാദുഷയുടെ മരണം.