മലപ്പുറം: അധ്യയനവർഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകർ വിദ്യാർഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ നിർദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയനവർഷം ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കു നിർദേശം നൽകിയത്. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലേക്കും ഈ നിർദേശം കൈമാറി.
വിലകൂടിയ വസ്ത്രങ്ങൾ, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഫോട്ടോയുള്ള കേക്ക്, ഫോട്ടോ പതിച്ച കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകർക്ക് വിദ്യാർഥികൾ സമ്മാനിക്കുന്നത്. ഇവ സ്വീകരിക്കുന്നത് പകർത്തി സാമൂഹികമാധ്യമങ്ങളിൽ റീൽസായി പ്രചരിപ്പിക്കുന്നതും 'സ്റ്റാറ്റസ്' വെക്കുന്നതും അധ്യാപകർക്കിടയിൽ പതിവാണ്. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽ മാത്രം നിലനിന്നിരുന്ന ഈ കീഴ്വഴക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വ്യാപിച്ചത്. നാട്ടിൻപുറങ്ങളിലെ എൽ.പി. സ്കൂളുകളിലും കഴിഞ്ഞ അധ്യയനവർഷാവസാനം ഉപഹാരവിതരണം വ്യാപകമായിരുന്നു