ആക്രി ഗോഡൗണിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തെങ്കര:  വെള്ളാരംകുന്ന്
ആക്രി ഗോഡൗണിന് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. ശ്രീകൃഷ്ണപുരം പറമ്പിൽ പീടിക ഇസഹാഖിന്റെ ഗോഡൗണാണ് തീപിടിച്ചത്.  ഇന്ന് പുലർച്ചെയോടെയായിരുന്നു തീപിടുത്തം. വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻ കുട്ടിയുടെ നേതൃത്വത്തിൽ സേന എത്തി വെള്ളം അടിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, ശക്തമായ തീ പിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കോങ്ങാട്, പെരിന്തൽമണ്ണ, പാലക്കാട് നിലയങ്ങളിൽ നിന്ന് സഹായം ആവശ്യപ്പെട്ടു. സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം സംഭവ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനത്തിന് നേതൃത്വം നൽകി. മണ്ണാർക്കാട് നിലയത്തിൽ നിന്നും ഒരു വാഹനം കൂടി എത്തിച്ചു. ഇതേ സമയം കോങ്ങാട്, പെരിന്തൽമണ്ണ, പാലക്കാട് നിലയങ്ങളിൽ നിന്നും വാഹനങ്ങളും സേനയും സഹായത്തിന് എത്തി. 6 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ 10 ടാങ്ക് വെള്ളം ഉപയോഗിച്ച് രാവിലെ 8 മണിയോടെ തീ അണക്കാനായി. 

ആൾ അപായം ഇല്ല. ഗോഡൗണിന് സമീപത്തെ വീടിന് തീ ഭീഷണിയായി. ഉദ്ദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Previous Post Next Post

نموذج الاتصال