പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ നിയോജക മണ്ഡലം എംഎൽഎയും എൽഡിഎഫ് നേതാവുമായ പി വി അൻവറിനെതിരെ പൊലീസ് കേസെടുത്തു. നാട്ടുകൽ പൊലീസാണ് പി വി അൻവർ എംഎൽഎയ്ക്കെതിരെ കേസെടുത്തത്. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടയിൽ ആയിരുന്നു പിവി അൻവർ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.
എന്നാൽ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി പിവി അൻവർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും എന്നാൽ താൻ ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎയാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.