ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

കേരളശ്ശേരി: കുണ്ടളശ്ശേരി കാട്ടമ്പലത്തിനടുത്ത് ഭാര്യയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടളശ്ശേരി കാട്ടമ്പലം കിഴക്കേക്കര രാമചന്ദ്രൻ (50) ആണ് മരിച്ചത്. ഭാര്യ ശാന്തകുമാരിക്കാണ്‌ (48) ദേഹമാസകലം വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ രാമചന്ദ്രൻ ശാന്തകുമാരിയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശാന്തകുമാരിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയയുടൻ രാമചന്ദ്രൻ സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി. തുടർന്ന്, നാട്ടുകാരും പോലീസും ചേർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് രാമചന്ദ്രനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുകാലമായി രാമചന്ദ്രൻ ശാന്തകുമാരിയുമായി അകന്നുകഴിയുകയായിരുന്നെന്നും മണ്ണൂർ നഗരിപ്പുറത്താണ് താമസമെന്നും പോലീസ് പറഞ്ഞു. ഇവർക്ക് രണ്ടുമക്കളുണ്ട്.

രക്തംവാർന്ന് ഗുരുതരാവസ്ഥയിലായ ശാന്തകുമാരിയെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം വെട്ടേറ്റിട്ടുണ്ട്.

കാട്ടമ്പലത്തിനടുത്തുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ ജോലിക്കാരിയാണ് ശാന്തകുമാരി. രാമചന്ദ്രൻ കൂലിപ്പണിക്കാരനാണ്.

രാമചന്ദ്രന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Previous Post Next Post

نموذج الاتصال