പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം

പാലക്കാട്: വീറുറ്റ പൊരിഞ്ഞ പ്രചാരണത്തിന് ഇനി ആകെ രണ്ട് ദിവസമാണുള്ളത്. അതു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം. വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്. 

ഇതുവരെ ഓടിയെത്തിയിടത്തും ഇനി എത്താൻ ബാക്കിയുള്ളിടത്തും കൂടി ഇന്നും നാളെയും മറ്റന്നാളുമായി ഒന്നു കൂടി പാഞ്ഞെത്തി വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണു സ്ഥാനാർഥികളും മുന്നണികളും. എത്രകണ്ട് അഭ്യർഥന നടത്തുന്നുവോ അത്രകണ്ടു ഗുണകരമാകുമെന്നാണു മുന്നണികളുടെ കണക്കുകൂട്ടൽ. ഇനിയുള്ള ദിവസങ്ങളിലെ മുന്നണികളുടെ പ്രചരണം എങ്ങനെ നേതാക്കൾ പറയുന്നത് 

എൽഡിഎഫ് 

ബൂത്തുതലത്തിൽ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിയത്. ഓരോ വീട്ടിലും അഞ്ച് തവണ എൽ.ഡി.എഫ്. സ്ക്വാഡുകൾ നേരിട്ട് വോട്ട് ചോദിച്ചെത്തിയത് പാലക്കാട് മണ്ഡലത്തിലാണ്.പാലക്കാടുകാർക്ക് സുപരിചിതനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ. വോട്ടർമാരെ നേരിട്ടറിയുന്ന ഈ സ്വീകാര്യത പ്രചാരണത്തിൽ ഏറെ സഹായിച്ചിട്ടുണ്ട്. നേരിട്ട് പ്രവർത്തകരിലേക്കിറങ്ങിയുള്ള പ്രചാരണം തുടരുകതന്നെയാണ് ഇനിയുള്ള മണിക്കൂറുകളിലും ചെയ്യുക. 90 ശതമാനം വോട്ടർമാരെയും ഇതിനോടകം നേരിൽക്കണ്ടു. ബാക്കി 10 ശതമാനത്തെക്കൂടി കാണാനുള്ള ശ്രമമാണ് ഇനി. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള നടപടികളുമുണ്ടാവും. 
എൻ.എൻ. കൃഷ്ണദാസ്, ചെയർമാൻ, എൽ.ഡി.എഫ്. പാലക്കാട് ലോക്സഭാമണ്ഡലം കമ്മിറ്റി

യുഡിഎഫ് 

അവസാനറൗണ്ട് പ്രചാരണത്തിന് ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ്. തിങ്കളാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ യു.ഡി.എഫിനായി ജില്ലയിൽ പ്രചാരണത്തിനെത്തും. പട്ടാമ്പിയിലും കൊപ്പത്തുമാണ് പരിപാടികൾ. എല്ലാ പ്രവർത്തകരെയും രംഗത്തിറക്കിയുള്ള ഗൃഹസമ്പർക്കവും പ്രചാരണവുമായിരിക്കും നടക്കുക. കൊട്ടിക്കലാശം മണ്ഡലതലത്തിൽ നടത്തും. ഓരോ പ്രദേശത്തെയും വോട്ടർമാരിൽ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യം. സ്ഥാനാർഥി പങ്കെടുക്കുന്ന കൊട്ടിക്കലാശം പാലക്കാട് പട്ടണത്തിലായിരിക്കും നടക്കുക. ഒലവക്കോട്ടുനിന്ന് ടൗൺ ഭാഗത്തേക്കായിരിക്കും പ്രചാരണം. ഉച്ചഭാഷിണിയോടെയുള്ള പ്രചാരണവാഹനങ്ങൾ ഇതിനോടകം എല്ലായിടത്തും പോകുന്നുണ്ട്. 
സി. ചന്ദ്രൻ, കൺവീനർ, യു.ഡി.എഫ്. പാലക്കാട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി

എൻഡിഎ

ഇനിയുള്ള ദിവസങ്ങളിൽ ഗൃഹസമ്പർക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പാലക്കാട് ലോക്‌സഭാമണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥിയുടെ പ്രചാരണം. റോഡ് ഷോയോടെയാവും പാലക്കാട്ട് കൊട്ടിക്കലാശം. മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കിയുള്ള പ്രചാരണമാണ് ഇനിയുള്ളത്.

‘എ ക്ലാസ്’ മണ്ഡലത്തിൽ എ ക്ലാസ് പ്രചാരണമാണ് നടത്തിയിട്ടുള്ളത്. വികസനരേഖയും പ്രധാനമന്ത്രിയുടെ സന്ദേശവും ഓരോ വീട്ടിലുമെത്തിക്കും. ഓരോ നിയോജകമണ്ഡലത്തിലും പലതവണ സ്ഥാനാർഥിയെത്തി. എല്ലാ നിയോജകമണ്ഡലങ്ങളിലും കൊട്ടിക്കലാശം നടത്തുന്നുണ്ട്.
കെ.എം. ഹരിദാസ്, കൺവീനർ, എൻ.ഡി.എ. പാലക്കാട് ലോക്സഭാമണ്ഡലം കമ്മിറ്റി
Previous Post Next Post

نموذج الاتصال