പാലക്കാട്: മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ ടൗൺ നോർത്ത് പോലീസ് പിടികൂടി. കൊട്ടേക്കാട് കരുമങ്ങാട് ശ്രീജിത്ത് (23), കാളിപ്പാറ കിഷോർ (25), കൊട്ടപ്പള്ളം കണ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുകയായിരുന്ന ഇവരെ വാഹനപരിശോധനയ്ക്കിടെ ഞായറാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെ കൽപ്പാത്തി ഗോവിന്ദരാജപുരത്തുനിന്നു മോഷ്ടിച്ച മോട്ടോർ സൈക്കിളുമായാണു യുവാക്കൾ പിടിയിലായതെന്നു പോലീസ് പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ആറിന് രാത്രി കൽപ്പാത്തി സ്വദേശിയായ വെങ്കിടസുബ്രഹ്മണ്യൻ, കൽപ്പാത്തി ഗോവിന്ദരാജപുരം സ്വദേശിയായ വരദരാജൻ എന്നിവരുടെ വീടിനു മുൻവശത്തു നിർത്തിയിരുന്ന മോട്ടോർ സൈക്കിളുകളാണ് അവർ മോഷ്ടിച്ചതെന്നു പോലീസ് പറഞ്ഞു.
കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണ് മൂവരുമെന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ പൊളിച്ചുവിറ്റാണ് ഇവർ പണം സമ്പാദിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
ടൗൺ നോർത്ത് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അരിസ്റ്റോട്ടിൽ, ഒ.ജി. ഷാജു, എ.എസ്.ഐ. സുഹറ, എസ്.സി.പി.ഒ.മാരായ ദീപു, വികാസ്, മനീഷ്, സുധീർ, മണികണ്ഠദാസ്, സിയാബുദ്ദീൻ, സി.പി.ഒ. രജിത്ത്, ഡ്രൈവർ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്