ഷൊർണൂർ: നെടുങ്ങോട്ടൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് ആറുപവൻ ആഭരണം കവർന്നു. നെടുങ്ങോട്ടൂർ കുന്നത്ത് ഷൺമുഖദാസിന്റെ വീട്ടിലാണ് വ്യാഴാഴ്ച കവർച്ച നടന്നത്. ഷൺമുഖദാസും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഷൺമുഖദാസിന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ്, അലമാരയിൽനിന്ന് ആഭരണങ്ങൾ കവർന്നെന്നാണ് പരാതി. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്.
അലമാരയുടെ താക്കോൽ വീടിനകത്തുനിന്നും കണ്ടെത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. നെടുങ്ങോട്ടൂർ, മഞ്ഞക്കാട് മേഖലകളിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായും പരാതിയുണ്ട്.