മണ്ണാർക്കാട്: 4x400 മീറ്റർ റിലേയിൽ പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ റിലേ ടീം അംഗം മുഹമ്മദ് അജ്മൽ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി. കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിൽ 2016 - 2018 വർഷങ്ങളിൽ പ്ലസ്ടു വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് അജ്മൽ ആദ്യത്തെ നാഷണൽ മെഡൽ നേടുന്നത്. കല്ലടിയിലെ ചിട്ടയായ പരിശീലനം അജ്മൽ എന്ന കായികതാരത്തെ ദേശീയ തലത്തിലും, അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുവാൻ സഹായകരമായി. കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ മാനേജ്മെന്റും, പിടിഎയും, സ്റ്റാഫും അജ്മലിന്റെ സ്വപ്നതുല്യമായ നേട്ടത്തിൽ അതീവ സന്തുഷ്ടരാണ്. ഒളിംപിക്സിൽ റിലേ ടീം ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഏവരും. അജ്മലിനെ മികച്ച അത്‌ലറ്റാക്കിയത് കല്ലടി സ്‌കൂളിലെ ചിട്ടയായ പരിശീലനമായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്‌കൂൾ മീറ്റുകളിൽ സംസ്ഥാനതലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ അജ്മൽ പ്ലസ്ടുതലത്തിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 100, 200, 400 മീറ്ററുകളിലാണ് ഓടിയിരുന്നത്. 2017-ൽ ഭോപാലിൽനടന്ന ദേശീയ സ്‌കൂൾ മീറ്റിൽ 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
ലോക അത്ലറ്റിക്സ് റിലേയിൽ രണ്ടാം റൗണ്ടിലെ പ്രകടനമാണ് പുരുഷ വനിത റിലേ ടീമുകളെ ഒളിംപിക്സ് യോഗ്യത നേടുന്നതിലേക്ക് നയിച്ചത്.
പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവർ 3:3:23 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കി രണ്ടാം സ്ഥാനം നേടി. 2:59:95 മിനിറ്റുകൾകൊണ്ട് പൂർത്തിയാക്കിയ യു.എസ്.എ.യാണ് ഒന്നാമത്. മൂന്ന് ഹീറ്റ്സുകളിലെ ആദ്യ രണ്ട് ടീമുകളാണ് ഒളിംപിക്സിലേക്ക് യോഗ്യത നേടുക.
ജൂലായ് 26 മുതൽ ഓഗസ്റ്റ് 11 വരെ പാരീസിലാണ് ഇത്തവണത്തെ ഒളിംപിക്സ്. ഇതോടെ ഇന്ത്യയിൽനിന്ന് പാരീസ് ഒളിംപിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിൽ യോഗ്യത നേടിയ താരങ്ങളുടെ എണ്ണം 19 ആയി. സ്വർണപ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് അത്ലറ്റിക്സ് മത്സരങ്ങൾ ആരംഭിക്കുക. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി 4x400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു അജ്മൽ