മണ്ണാർക്കാട്: മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി. ആരംഭിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതുതായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കും. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം തേടും. ഈ വർഷം രണ്ട് ഡയാലിസിസ് മെഷീൻകൂടി സ്ഥാപിക്കാനും കെട്ടിടത്തിലേക്ക് ലിഫ്റ്റ് സ്ഥാപിക്കാനും തീരുമാനമായി. ആശുപത്രിയിലേക്ക് ആവശ്യമായ വാഹനം ആരോഗ്യവകുപ്പിൽ നിന്ന് അനുവദിച്ചുകിട്ടാൻ താമസം നേരിടുകയാണെങ്കിൽ എം.എൽ.എ. ഫണ്ടിൽനിന്ന് വാഹനത്തിനാവശ്യമായ ഫണ്ട് നൽകുമെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ. അറിയിച്ചു. ‘ഡെലിവറി പോയിന്റ്’ എന്ന സർക്കാരിന്റെ പദ്ധതിയിലേക്ക് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയെ ഉൾപ്പെടുത്താൻ ആവശ്യപ്പെടും. സന്ദർശന സമയമല്ലാത്തപ്പോൾ രോഗിയെ കാണാനെത്തുന്നവർക്ക് അത്യാവശ്യഘട്ടത്തിൽ എമർജൻസി പാസ് നൽകും.
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ദർഘാസ് പൂർത്തിയായി. പെരുമാറ്റച്ചട്ടം കഴിയുന്ന മുറയ്ക്ക് പ്രവൃത്തികളാരംഭിക്കും. ഡയാലിസിസ് രോഗികൾക്കായി 40 ലക്ഷം, മരുന്ന് വാങ്ങാൻ 10 ലക്ഷം, ലാബ് പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും പുതിയ യൂണിറ്റ് തുടങ്ങാനുമായി 20 ലക്ഷം, പാലിയേറ്റീവ് രോഗികൾക്ക് വിനോദസഞ്ചാരം ഉൾപ്പെടെയുള്ളവയ്ക്ക് രണ്ട് ലക്ഷം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് 44 ലക്ഷം, ഓക്‌സിജൻ പ്ലാന്റ്, അറ്റകുറ്റപ്പണി എന്നിവയ്ക്കായി 24 ലക്ഷം രൂപയും നഗരസഭ നീക്കിവെച്ചിട്ടുള്ളതായി നഗരസഭാ ചെയർമാൻ അറിയിച്ചു. എൻ. ഷംസുദ്ദീൻ എം.എൽ.എ. യോഗം ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണൻ, ഷെഫീഖ് റഹ്മാൻ, കൗൺസിലർമാരായ ഇബ്രാഹിം, അമുദ, ആശുപത്രി സൂപ്രണ്ട് ഡോ. പി. സീമാമു, എച്ച്.എം.സി. അംഗങ്ങളായ പരമശിവൻ, വി.വി. ഷൗക്കത്തലി, കെ. മനോജ്, ടി.എ. സലാം, ശെൽവൻ, സദക്കത്തുള്ള പടലത്ത് തുടങ്ങിയവർ പങ്കെടുത്തു.
വാർത്ത കടപ്പാട്