മണ്ണാർക്കാട്: കുരുത്തിച്ചാലിൽ
കുളിക്കാനിറങ്ങി കയത്തിൽ അകപ്പെട്ട വളാഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. വളാഞ്ചേരി പലചോട് ഡോക്ടർ ജേക്കബിന്റെ രണ്ടാമത്തെ മകൻ റോഹൻ (22) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം, കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ റോഹൻ കയത്തിൽ പ്പെടുകയായിരുന്നു. കൂട്ടുകാരൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ എത്തിക്കുകയും, ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകീട്ട് നാലരയോടെയാണ് മരണം സംഭവിച്ചത്.
നിരവധി അപകടകയങ്ങളുള്ള മേഖലയാണ് കുരുത്തിച്ചാൽ. ഇതറിയാതെ ഇറങ്ങുന്ന സന്ദർശകരാണ് ഇവിടെ പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അപ്രതീക്ഷിതമായുള്ള മലവെള്ളപ്പാച്ചിലും ഇവിടെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ പന്ത്രണ്ടിലധികം ആളുകളുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പലരും രക്ഷപ്പെട്ടിട്ടുള്ളത്. സൈലന്റ് വാലി മേഖലയിൽ ശക്തമായ വേനൽമഴ പെയ്താൽ കുരുത്തിച്ചാലിലേക്ക് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാകും. ഇതൊന്നുമറിയാതെ ഉല്ലസിക്കാനെത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്