മണ്ണാർക്കാട്: കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ നാലാം ക്ലാസ്സുകാരി സഹല. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നീട്ടി വളർത്തിയ മുടി ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി പൂർണ്ണ സമ്മതത്തോടെ ദാനം ചെയ്യുകയായിരുന്നു കൊച്ചു മിടുക്കി.
വീഡിയോ കാണാം
രോഗികളോടുള്ള കരുണയുടേയും കരുതലിന്റേയും പ്രതീകമായി ഈ പ്രവർത്തനം. നന്മ ആംബുലൻസ് ടീമംഗങ്ങളാണ് സഹലയുടെ ഈ ആഗ്രഹത്തിന് കൂട്ടായി നിന്നത്. അവയവദാനം പോലെ മഹത്തരമായ സന്ദേശമാണ് കേശദാനവും നൽകുന്നത്. ക്യാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും, സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു. അത് കൊണ്ട് സ്വാഭാവിക മുടി കൊണ്ട് തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി ക്യാൻസർ രോഗികൾക്ക് നൽകി അവർക്ക് ആത്മധൈര്യം പകരാൻ ഇത് വളരെ സഹായമാകും. ഇത്ര ചെറുപ്പത്തിലെ കരുണയുടെ പര്യായമായ സഹല കുന്തിപ്പുഴ മുഹമ്മദ് റാഫിയുടെ പൊന്നോമന മകളാണ്, മകൾക്ക് പൂർണ്ണ സപ്പോട്ട് നൽകുകയാണ് രക്ഷിതാക്കളും. സഹലയ്ക്ക് എല്ലാ പിന്തുണയും അഭിനന്ദനങ്ങളുമായി നന്മ ആംബുലൻസ് ടീം അംഗങ്ങളും കൂടെ തന്നെയുണ്ട്. റോഡിൽ തിരക്കുള്ള സമയങ്ങളിൽ രോഗികളുമായി പോകുന്ന ഏത് ആംബുലൻസുകൾക്കും വഴിയൊരുക്കിയും, ചാരിറ്റി പ്രവർത്തനങ്ങളുമായും സജീവമാണ് നന്മ ആംബുലൻസ് ടീം. ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും കൂടെയുണ്ടാകുമെന്ന് ക്യാൻസർ രോഗികൾക്കുള്ള കേശം ബ്ലഡ് ഈസ് റെഡ് കൂട്ടായ്മക്ക് കൈമാറിയ ശേഷം നന്മ ആംബുലൻസ് ടീം അംഗങ്ങളായ റിയാസ്, ഷിഹാസ് മണ്ണാർക്കാട് എന്നിവർ പറഞ്ഞു