സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.hscap.kerala.gov.in ല്‍ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കണം ഓണ്‍ലൈന്‍ സംവിധാനത്തിലാണ്
https://hscap.kerala.gov.in എന്ന സൈറ്റിൽ PUBLIC എന്ന സെക്‌ഷനിൽ നിന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ പഠിക്കുക. ഓൺലൈനായി മാത്രമാണ് അപേക്ഷാ സമർപ്പണം. സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യാം. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകി വേണം ലോഗിൻ സൃഷ്ടിക്കുന്നത്. ഇതിലെ APPLY ONLINE ലിങ്കിലൂടെ അപേക്ഷിക്കാം. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയവയെല്ലാം ഇതേ ലോഗിൻ വഴിയാണ്. പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങളുണ്ട്. പടിപടിയായ നിർദേശങ്ങൾ യൂസർ മാനുവലിൽ കിട്ടും. എട്ടാം അനുബന്ധത്തിലെ ഫോം മാതൃകയും ശ്രദ്ധിക്കാം.യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയുടെ രേഖകൾ കയ്യിൽ വേണം; ചിലതിന്റെ നമ്പറും തീയതിയും മറ്റും അപേക്ഷയിൽ വേണ്ടിവരും. സൈറ്റിൽനിന്നു കിട്ടുന്ന അപേക്ഷാ നമ്പർ എഴുതി സൂക്ഷിക്കുക. സാധാരണഗതിയിൽ രേഖകളൊന്നും അപ്‌ലോഡ് ചെയ്യാത്തതിനാൽ, നൽകുന്ന വിവരങ്ങളനുസരിച്ചാണ് സെലക്‌ഷൻ. അപേക്ഷയിൽ തെറ്റുവരാതിരിക്കാൻ ശ്രദ്ധിക്കാം. ഭിന്നശേഷിക്കാരും 10–ാം ക്ലാസിൽ Other (കോഡ് 7) സ്കീമിൽ പെട്ടവരും നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ തനിയെ ചെയ്യാൻ കഴിയാത്തവർക്ക്, അവർ പഠിച്ച സ്കൂളിലെയോ, ആ പ്രദേശത്തെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും സൗജന്യമായി പ്രയോജനപ്പെടുത്തി, ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെറിറ്റ് സീറ്റിലേക്ക് ഒരു ജില്ലയിൽ ഒന്നിലേറെ അപേക്ഷ പാടില്ല. മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിക്കുന്നതിനു തടസ്സമില്ല. ഇതിനു വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫീ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. പ്രിന്റ് സ്കൂളിൽ നൽകേണ്ട. മാനേജ്‌മെന്റ് / അൺ–എയ്ഡഡ് / കമ്യൂണിറ്റി ക്വോട്ട വിഭാഗങ്ങളിൽപ്പെട്ട സീറ്റുകൾ എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അവയിലേക്ക് അതതു മാനേജ്‌മെന്റ് നൽകുന്ന ഫോം സമർപ്പിക്കണം. സർക്കാരിന്റെ ഏകജാലക ഫോം ഇക്കാര്യത്തിന് ഉപയോഗിച്ചുകൂടാ.
ശ്രദ്ധിക്കേണ്ടത് ഓപ്ഷൻ സമർപ്പണം
ഇഷ്ടമുള്ള സ്കൂളുകളും വിഷയ കോംബിനേഷനുകളും തീരുമാനിച്ച് മുൻഗണനാക്രമത്തിൽ അപേക്ഷയുടെ 24–ാം കോളത്തിൽ ചേർക്കുന്നതാണ് ഓപ്ഷൻ സമർപ്പണത്തിന്റെ കാതൽ. ഒരു സ്കൂളും ഐച്ഛികവിഷയങ്ങളുടെ ഒരു കോംബിനേഷനും ചേർന്നതാണ് ഒരു ഓപ്ഷൻ. ഒരേ സ്കൂളിലെ വ്യത്യസ്ത കോംബിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. പ്രോസ്പെക്ടസ് ഏഴാം അനുബന്ധത്തിൽ ജില്ല തിരിച്ച് ഓരോ സ്കൂളിന്റെയും കോഡും അവിടത്തെ വിഷയ കോംബിനേഷനുകളും (കോഴ്സ് കോഡുകൾ) ഉണ്ട്. എത്ര ഓപ്ഷനുകൾ വേണമെങ്കിലും നൽകാം. ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും. പക്ഷേ മുകളിലുള്ളവ (Higher options) നിലനിൽക്കും. ആവശ്യമെങ്കിൽ, അവ മുഴുവനുമോ ഏതെങ്കിലും മാത്രമോ റദ്ദു ചെയ്യാൻ പിന്നീട് അവസരം ലഭിക്കും. ഇത്രയൊക്കെ നിബന്ധനകളുള്ളതിനാൽ പരമാവധി ശ്രദ്ധിച്ച് ഓപ്‌ഷൻ നൽകണം. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ശാഖകളിലായി പല വിഷയങ്ങളുടെ 45 കോംബിനേഷനുകൾ ഉണ്ട്. നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന കോംബിനേഷനുകൾ മുൻഗണനാക്രമത്തിലെടുക്കണം. ഇഷ്‌ടപ്പെട്ട കോംബിനേഷനുകൾ താൽപര്യമുള്ള സ്‌കൂളുകളിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഫോമിന്റെ പകർപ്പെടുത്ത് അതിൽ പൂരിപ്പിച്ച് എല്ലാം ശരിയെന്നുറപ്പാക്കി ശേഷം ഫോമിൽ പകർത്തുന്നതു നന്ന്. ഹ്യുമാനിറ്റീസോ കൊമേഴ്‌സോ എടുക്കുന്നവർക്ക് സയൻസ്, എൻജിനീയറിങ്, ടെക്നോളജി, ബയോളജി, മെഡിക്കൽ, അഗ്രികൾചർ മേഖലകളിലേക്ക് കടക്കാനാകില്ലെന്ന് ഓർക്കുക.
എയിഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍എയിഡഡ് ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ അതത് സ്‌കൂളില്‍ നിന്നും ഇതിനായുള്ള പ്രത്യേക അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് അതത് സ്‌കൂളില്‍ തന്നെ നല്‍കേണ്ടതാണ്.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനവും ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനം വഴിയാണ്. പ്രസ്തുത സ്‌കൂളുകളിലേക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി നല്‍കിയാല്‍ മതി.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
പ്രവേശന നടപടികളുടെ നിര്‍വ്വഹണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറായി അഞ്ചംഗ അഡ്മിഷന്‍ കമ്മിറ്റി ഉണ്ടായായിരിക്കും.
സബ്ജക്ട് കോമ്പിനേഷനുകള്‍: സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി ഹയര്‍ സെക്കന്ററി പഠനത്തിന് ആകെ 45 സബ്ജക്ട് കോമ്പിനേഷനുകള്‍ ലഭ്യമാണ്. ഗ്രൂപ്പ് തിരിച്ചുള്ള സബ്ജക്ട് കോമ്പിനേഷനുകളും ഒാരോ കോമ്പിനേഷന്‍ തെരഞ്ഞെടുക്കുമ്പോഴും വെയിറ്റേജ് ലഭിക്കുന്ന എസ്എസ്എല്‍സി വിഷയങ്ങളും പ്രോസ്‌പെക്ടസിലുണ്ട്.
സയന്‍സ് ഗ്രൂപ്പില്‍ ഒന്‍പതും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 ഉം കോമേഴ്‌സ് ഗ്രൂപ്പില്‍ നാലും സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്.
ജില്ലാതലത്തിലുള്ള ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോഴ്‌സുകളും (സബ്ജക്ട് കോമ്പിനേഷനുകള്‍ ഉള്‍പ്പെടെ) www.hscap.kerala.gov.in ല്‍ ലഭിക്കും.
ഉപരിപഠനത്തിനും കരിയറിനും അനുയോജ്യമായ അഭിരുചിക്കിണങ്ങിയ സബ്ജക്ട് കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാം.
പ്രവേശന മാനദണ്ഡം: ഓരോ വിദ്യാര്‍ത്ഥിയുടെയും വെയിറ്ററ്റ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. തെരഞ്ഞെടുക്കുന്ന വിഷയ കോമ്പിനേഷനുകള്‍ക്കനുസരിച്ച് യോഗ്യതാപരീക്ഷയിലെ ചില വിഷയങ്ങള്‍ക്ക് വെയിറ്റേജ് ലഭിക്കും. പ്രവേശന നടപടികളുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19
ട്രയല്‍ അലോട്ട്‌മെന്റ്: അപേക്ഷകര്‍ക്ക് അവസാനവട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനും പ്രവേശന സാധ്യതയറിയുന്നതിനും ആദ്യ അലോട്ട്‌മെന്റിന് മുമ്പായി മേയ് 29 ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും.
അലോട്ട്‌മെന്റ് പ്രക്രിയ: മുഖ്യമായും 3 അലോട്ട്‌മെന്റുകളാണുള്ളത്. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ജൂണ്‍ 5 ന് നടത്തും. മുഖ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് അവസാനിക്കും. ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും.
പ്രവേശനം 2 തരം: സ്ഥിരം, താൽക്കാലികം
ആദ്യ അലോട്‌മെന്റിൽ ഇഷ്‌ട സ്‌കൂളും കോംബിനേഷനും കിട്ടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഫീസടച്ച് സ്‌ഥിരംപ്രവേശനം നേടാം. കിട്ടിയതിൽ തൃപ്തരല്ലാത്തവർക്ക് രേഖകൾ സ്കൂളിൽ ഏൽപ്പിച്ച്, താൽക്കാലികപ്രവേശനം മതിയെന്നു വയ്ക്കാം. ഫീസടയ്‌ക്കേണ്ട. കാത്തിരുന്ന് ഇഷ്‌ടപ്പെട്ട മാറ്റം കിട്ടിയാൽ സ്‌ഥിരം പ്രവേശനം വാങ്ങാം. മുഖ്യ അലോട്മെന്റ് കഴിയുംമുൻപ് അഡ്മിഷൻ സ്ഥിരമാക്കണം. അലോട്‌മെന്റ് കിട്ടിയവർ നിശ്ചിതസമയത്തിനകം ഫീസടച്ചു ചേരാതിരുന്നാൽ പ്രവേശന ചാൻസ് നഷ്‌ടപ്പെടും. അവരുടെ പേരു നീക്കം ചെയ്യും. പിന്നീട് പരിഗണിക്കില്ല.
ഏതെങ്കിലും ഘട്ടത്തിൽ താൽക്കാലികം സ്‌ഥിരമാക്കിക്കളയാമെന്നു തോന്നിയാൽ ഫീസടച്ചു ചേരുക. നേരത്തേ സമർപ്പിച്ച ഉയർന്ന ഓപ്‌ഷനുകൾ എല്ലാമോ, അവയിൽനിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദ് ചെയ്യണമെന്ന് പ്രിൻസിപ്പലിന് എഴുതിക്കൊടുക്കണം. ഇങ്ങനെ റദ്ദ് ചെയ്യിക്കാത്ത പക്ഷം പിന്നീട് നിലവിലുള്ള ഉയർന്ന ഓപ്‌ഷനുകളിൽ ഒഴിവു വന്നാൽ അവയിലേക്ക് നിങ്ങളെ മാറ്റും.
ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ
പ്രവേശന മാനദണ്ഡമായ (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്
പാലക്കാട് ആകെ സീറ്റുകൾ
35710(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി പത്ത്)
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
17610(പതിനേഴായിരത്തി അറുന്നൂറ്റി പത്ത്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
13950(പതിമൂവായിരത്തി തൊള്ളായിരത്തി അമ്പത്)
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
4150(നാലായിരത്തി ഒരുന്നൂറ്റി അമ്പത്)