ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു

മണ്ണാർക്കാട്:  അലനല്ലൂർ റോഡരികിലെ ഭീമൻ മരത്തിന്റെ കൊമ്പ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടി വീണു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉണ്ണിയാൽ മേലാറ്റൂർ റോഡിൽ കുളപ്പറമ്പ് സ്കൂളിന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. മേലാറ്റൂരിൽ നിന്നു വെട്ടത്തൂരിലേക്കു കുടുംബസമേതം പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് കൊമ്പ് പൊട്ടി വീണത്. സംഭവത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. തുടർന്ന് ഇതിലൂടെ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിലേക്ക് മരച്ചില്ലകൾ വീണ് കൂട്ടിമുട്ടി നിന്നതോടെ വൈദ്യുതി ഉടൻ
പോയതിനാൽ വൻ അപകടം ഒഴിവായി. വൈദ്യുതി വീണ്ടും പ്രവഹിക്കുകയും മരച്ചില്ലകൾ വൈദ്യുതി ലൈനിൽ കിടന്ന് കത്താൻ തുടങ്ങുകയും ചെയ്തത് നാട്ടുകാരെ ഭീതിയിലാക്കി. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ വൈദ്യുതി കമ്പിയിലേക്ക് വീണ മരക്കൊമ്പുകൾ മുൻകരുതലുകൾ സ്വീകരിച്ച് തോട്ടിയുപയോഗിച്ച് നീക്കിയതോടെയാണ് ഭീതിയൊഴിഞ്ഞത്.  റോഡരികിലെ കാലപ്പഴക്കം ചെന്ന മരങ്ങൾ മുറിച്ചുനീക്കി ഭീതി അകറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

نموذج الاتصال