മണ്ണാർക്കാട്: കരിമ്പ വെട്ടത്ത് ഏഴു മാസം ഗർഭിണിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നിഖിൽ (28) നെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
പഴയലക്കിടി മറ്റത്തുപടി വീട്ടിൽ ചാമിയുടെയും ലക്ഷ്‌മിയുടെയും മകൾ സജിതയെ (26) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു, ഇരുവരും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനം സഹിക്ക വയ്യാതെ രണ്ടാഴ്ച മുമ്പ് സജിത സ്വന്തം വീട്ടിലെത്തിയിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. തുടർന്ന് അർദ്ധരാത്രിയോടെ വീണ്ടും വഴക്കുണ്ടാകുകയും, നിഖിൽ സജിതയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തതായി പറയുന്നു. സജിത മരിച്ചെന്നറിഞ്ഞ ഇയാൾ പുലർച്ചെ കുട്ടികളുമൊത്ത് വീട് വിട്ടിറങ്ങുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു നീക്കം.
ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം പുറത്തറിയുന്നത്. തമിഴ്‌നാടുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെത്തുടർന്ന് വീട്ടിൽപോയി നോക്കിയ സമീപവാസികളാണ് സജിതയെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ കല്ലടിക്കോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നിഖിൽ (28 )നെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സേലത്തുനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ഞായറാഴ്ച രാത്രിയിൽ അറസ്റ്റ് രേഖപ്പെടുത്തുകയും. തുടർന്ന് ഇന്ന് ഉച്ചയോടെ പ്രതിയെ കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. നിജാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെട്ടത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി