പോലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു; രണ്ടുപേർ അറസ്റ്റിൽ

മങ്കര: മങ്കര പോലീസ് സ്റ്റേഷന്റെ മുൻവശത്തെ ജനൽച്ചില്ല് തകർത്ത സംഭവത്തിൽ മണ്ണൂർ നഗരിപ്പുറം സ്വദേശികളായ രണ്ടുപേരെ മങ്കര പോലീസ് അറസ്റ്റുചെയ്തു. മണ്ണൂർ നഗരിപ്പുറം വെള്ളരംകുന്നിൽ അനിൽകുമാർ (27), നഗരിപ്പുറം മന്ദത്തുംകാട്ടിൽ മണികണ്ഠൻ (27) എന്നിവരാണ് അറസ്റ്റിലായത്.
നഗരിപ്പുറത്തെ തട്ടുകടയിൽ യുവാക്കളും കടയുടമയും തമ്മിലുണ്ടായ അടിപിടി പോലീസ് ഒത്തുതിർപ്പാക്കിയതിനു പിന്നാലെയാണ് ഇവർ സ്റ്റേഷനിലേക്ക്‌ കല്ലെറിഞ്ഞത്. ഞായറാഴ്ച രാത്രി 12.15-ഓടെ ബൈക്കിൽ പോലീസ് സ്റ്റേഷനിലെത്തിയ യുവാക്കളിലൊരാൾ മുൻവശത്തെ ജനൽച്ചില്ലിലേക്ക് കല്ലെറിയുകയായിരുന്നു. സംഭവത്തിനുശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് ഇരുവരെയും കണ്ടെത്തി.

തിങ്കളാഴ്ച പുലർച്ചെ വീടുകളിൽനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. എസ്.ഐ. വി. ഉദയകുമാർ, സി.പി.ഒ.മാരായ യാക്കൂബ്, സതീഷ്, ലീലാകൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30-ഓടെ യുവാക്കൾ നഗരിപ്പുറത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. യുവാക്കളും കടയുടമയും തമ്മിൽ വാക്കേറ്റവും ചെറിയതോതിൽ അടിപിടിയുമുണ്ടായി.  കടയുടമ പോലീസിന്റെ സഹായം തേടി. പോലീസെത്തി രംഗം ശാന്തമാക്കി യുവാക്കളെ പറഞ്ഞുവിട്ടു. തുടർന്നാണ് സ്റ്റേഷനുനേരേ കല്ലേറുണ്ടായത്.

പൊതുമുതൽ നശിപ്പിച്ചതിനെതിരേയാണ് ഇരുവർക്കുമെതിരേ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال