അവധി ചോദിച്ചതിന് പോലീസുകാരന് സി.ഐയുടെ അവഹേളനം; വകുപ്പുതല അന്വേഷണത്തിന് നിർദേശം

പാലക്കാട്: സിവിൽ പോലീസ് ഓഫീസർ അവധി ചോദിച്ചതിന് സി.ഐ. അവഹേളിക്കുകയും ബൈക്കിന്റെ താക്കോൽ എടുത്തു കൊണ്ടുപോവുകയും ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം. ഷൊർണൂർ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.

നെല്ലിയാമ്പതി പാടഗിരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സന്ദീപിന് സി.ഐ. കിരൺ സാം അവധി നൽകിയില്ലെന്നാണ് ആക്ഷേപം. അവധി നിഷേധിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ സി.ഐ. എടുത്തു കൊണ്ടു പോയതായും പറയുന്നു.

സംഭവം അറിഞ്ഞ നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫും സ്ഥിരംസമിതി അധ്യക്ഷൻ പി. സഹനാഥനും സ്റ്റേഷനിലെത്തി ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിച്ചില്ല.

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പാടഗിരി സ്റ്റേഷനിലെത്തി എസ്.പി.യുമായി സംസാരിച്ചശേഷമാണ് പ്രശ്നത്തിൽ അയവു വന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന് ഇരുവരും ജില്ലാ പോലീസ് മേധാവിയുടെ മുന്നിൽ ഹാജരായിരുന്നു. അതേസമയം, ഇരുവരും പരാതി നൽകിയിട്ടില്ല. ഇതിനിടെ സി.ഐ. മൂന്നുദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചു. സന്ദീപും മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
Previous Post Next Post

نموذج الاتصال