അട്ടപ്പാടിയിൽ കനത്ത മഴ; നാശനഷ്ടം

അഗളി: കനത്ത മഴയിൽ അട്ടപ്പാടിയിൽ പലയിടത്തും നാശനഷ്ടങ്ങൾ. ഷോളയൂർ കോഴിക്കൂടത്ത് 20 വൈദ്യുതി തൂണുകൾ തകർന്നു. ഷോളയൂർ - കോഴിക്കൂടം റോഡിൽ ഏലിമല തോടിനടുത്തുള്ള കലുങ്ക് തകർന്നു. കോഴിക്കൂടം സ്വദേശി രാജേഷിന്റെ പകുതി വിളവായ 300 ഓളം വാഴകൾ നശിച്ചു. ആനവായ് അങ്കണവാടി കെട്ടിടത്തിനുസമീപം മണ്ണിടിഞ്ഞുവീണ് കെട്ടിടം അപകടഭീഷണിയിലായി.

വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. പെട്ടിക്കല്ലിൽ ഇന്നലെ മുളങ്കൂട്ടവും തുടർന്ന് മരവും വീണ് ഗൂളിക്കടവ്-ഷോളയൂർ റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പ്രദേശവാസികൾ മരം വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെ മരംവീണ് മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആനവായ്, തുടുക്കി, ഗലസി തുടങ്ങിയ വിദൂര ഊരുകളിലേക്കുള്ള ഭൂഗർഭ കേബിളുകൾ തകരാറിലായതോടെ വൈദ്യുതി നിലച്ചു. റോഡും അപകട ഭീഷണിയിലാണ്. ഷോളയൂരിൽ മൂന്നു ദിവസായി തുടരുന്ന മഴയിൽ മരങ്ങൾവീണ് വൈദ്യുതി തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post