മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.ംകടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല.
സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്ബിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ.
എന്താണ് ഷിഗെല്ല ബാക്ടീരിയ ?
ഷിഗെല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾ കുടലുകളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടർന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാൽ, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.
നിർജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിർജ്ജലീകരണം നിയന്ത്രിക്കാൻ സാധിക്കാതെ പോയാൽ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാൻ സാധ്യത കൂടുതൽ. എന്നാൽ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നതാണ് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.
ഷിഗെല്ലോസിസിനെ എങ്ങനെ പ്രതിരോധിക്കാം?
വയറിളക്ക രോഗമുള്ളവർ ഭക്ഷണം തയ്യാറാക്കൽ പോലുള്ള ജോലികളിൽ നിന്നും വിട്ടുനിൽക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
നഖങ്ങൾ വൃത്തിയായി വെട്ടിയൊതുക്കുക. നഖം കടി ഒഴിവാക്കുക. കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക. പാൽ, മുട്ട, മത്സ്യം, മാംസം എന്നിവ നിശ്ചിത താപനിലയിൽ സൂക്ഷിക്കുക. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുക.
നമ്മുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കണം.
മലിനമായ ജലാശയങ്ങളിലെ കുളി, നീന്തൽ എന്നിവ ഒഴിവാക്കുക.
പൊതുപരിപാടികൾക്കും മറ്റുമായി ഭക്ഷണം തയ്യാറാക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.