മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിലെ തെന്നാരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടോർശ്ശിയിൽ അജിൻ (13), തെന്നാരി സ്വദേശി കൃഷ്ണൻ (70) എന്നിവർക്കാണ് കടിയേറ്റത്. അജിനെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീടിന് സമീപത്തു വെച്ചും, കൃഷ്ണനെ ഇന്ന് രാവിലെ ഏഴ്മണിയോടെ ചായ കുടിക്കാനായി പോകുമ്പോൾ തെന്നാരി റോഡിൽ വെച്ചുമാണ് നായ ആക്രമിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായ വളർത്തു നായ്ക്കളേയും ആക്രമിച്ചതായി പറയപ്പെടുന്നു. ഒരു കോഴിയേയും കടിച്ചു കൊന്നിട്ടുണ്ട്. തെരുവുനായ ആക്രമണം പ്രദേശവാസികളെ ഭീതിയിലാക്കി. പറമ്പിലും, ആളില്ലാത്ത വീടുകൾക്ക് മുന്നിലും, കടകളുടെ പരിസരവും ഒക്കെയാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം. തെരുവുനായ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.