അപകടകരമായ മരംമുറിച്ചുമാറ്റൽ; എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഈ മാസം അടിയന്തരയോഗം

പാലക്കാട്:  അപകടകരമായി പാതയോരങ്ങളിലും മറ്റും നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഈ മാസം തന്നെ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പി.ഡബ്ല്യു.ഡി റോഡ്സ്, ബില്‍ഡിങ്, കെ.എസ്.ഇ.ബി, വനം വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ജലഅതോറിറ്റി, ജലസേചനം, പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന, കെ.ആര്‍.എഫ്.ബി, കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചാവും യോഗം ചേരുക. മണ്ഡലാടിസ്ഥാനത്തില്‍ ചുമതലയുളള ഡെപ്യൂട്ടി കലക്ടര്‍മാര്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. മരംമുറിയുമായി ബന്ധപ്പെട്ട് വകുപ്പുകള്‍ക്കിടയിലുളള ആശയകുഴപ്പങ്ങള്‍ നീക്കി ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും ഉദ്യോഗസ്ഥരുടെയും കാലവര്‍ഷവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര, എ.ഡി.എം കെ.ബിജു എന്നിവരും സന്നിഹിതരായിരുന്നു.

വൈദ്യുത അപകടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാന്‍ ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജലസേചന വകുപ്പ് ഡാമുകളില്‍ ജലം നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. അപകടാവസ്ഥയിലുള്ള വീടുകള്‍ സംബന്ധിച്ച വിവരശേഖരണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ജീവന് ഭീഷണിയായ മരംമുറിക്കാന്‍ പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് മന്ത്രി എം.ബി.രാജേഷ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത് അറിയിച്ചു.

സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികയിലുള്‍പ്പെട്ട മണ്ണിടിച്ചില്‍ പ്രദേശങ്ങളിലുളള ജനങ്ങളുടെ കണക്കെടുക്കും. അത്തരം പ്രദേശങ്ങളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്യു.ഡി റോഡ്സ് വിഭാഗത്തിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദശം നല്‍കി.

പാതയോരത്തെ മരംമുറിക്ക് പുറമെ ജനവാസമേഖലയിലേതുകൂടി പരിഗണിക്കണമെന്നും വീടുകളുടെ കേടുപാടുകള്‍ നീക്കുന്നതിനേക്കാള്‍ അവ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അലോചിക്കണമെന്നും കെ.ശാന്തകുമാരി എം.എല്‍.എ അറിയിച്ചു.

മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുളള സ്ഥലങ്ങളില്‍ പ്രത്യേക മുന്നൊരുക്കം വേണമെന്നും തകര്‍ന്ന വീടുകള്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്നും കെ.ഡി.പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

മണ്‍ചുമരുളള വീടുകളുടെയും പാടങ്ങളില്‍ വെള്ളം നിറഞ്ഞുണ്ടാകുന്ന കൃഷിനാശത്തിന്റെയും കണക്കെടുക്കണമെന്ന് പി.പി സുമോദ് എം.എല്‍.എ ആവശ്യപ്പെട്ടു.

ഒറ്റപ്പാലം മണ്ഡലത്തിലൂടെ കടന്നു പോകുന്ന മുണ്ടൂര്‍-തൂത റോഡിന്റെ മോശം അവസ്ഥ പരിഹരിക്കേണ്ടതുണ്ടെന്നും ഒരു വീടിന്റെ  പരിസരത്ത് നില്‍ക്കുന്ന മരം അടുത്ത വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും മുറിച്ചുമാറ്റാന്‍ വീട്ടുടമ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടപെടല്‍ വേണമെന്നും കെ.പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുളള പാലങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും തകര്‍ച്ചയിലുളള പഞ്ചായത്ത് റോഡുകളില്‍ ക്വാറി വെയ്സ്റ്റ് ഇടാന്‍ അനുമതി വേണമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

ചെറുനെല്ലി ആദിവാസി ഊരിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്നും മഴ ശക്തമായി തുടര്‍ന്നാല്‍ പൂപ്പാറ കോളനിയില്‍ ജനങ്ങളെയും മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നും കെ.ബാബു എം.എല്‍.എ അറിയിച്ചു.

മലമ്പുഴ തുറക്കാതെ തന്നെ ഭാരതപ്പുഴ നിറഞ്ഞുകവിയുന്ന സ്ഥിതിയുണ്ടെന്നും തൂതപ്പുഴയിലെ ജലം കൂടി ചേരുമ്പോള്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ വലിയ അപകടസാധ്യതയുണ്ടെന്നും പി.മമ്മിക്കുട്ടി എം.എല്‍.എ അറിയിച്ചു. വലിയ വാഹനങ്ങള്‍ കയറ്റി പോകുന്നത് കുമ്പിടി - തൃത്താല റോഡ് അപകടാവസ്ഥയിലാക്കുന്നതായും എം.എല്‍.എ പറഞ്ഞു.

മഴക്കെടുതിയില്‍ തകരുന്ന വീടുകളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് അടിയന്തര സഹായമെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി കൊടുക്കണമെന്ന് എ.പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

യോഗത്തില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ്, എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, എ പ്രഭാകരന്‍, കെ.ഡി.പ്രസേനന്‍, കെ.ബാബു, കെ.ശാന്തകുമാരി, കെ.പ്രേംകുമാര്‍, പി.പി സുമോദ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ.എസ്.മോഹനപ്രിയ, എ.ഡി.എം സി.ബിജു, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال