മണ്ണാർക്കാട് : മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10മണിയോടെ മണലടി പെട്രോൾ പമ്പിന് സമീപത്തായാണ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ ആരംഭിച്ച നവീകരണ പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളെ വലയ്ക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് അരമണിക്കൂറോളം റോഡ് ഉപരോധിച്ചത്. തുടർന്ന് പോലിസെത്തി സമരക്കാരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.
ഒരു മാസം കൊണ്ട് റോഡിന്റെ പണി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരു ദിവസം മുഴുവൻ റോഡ് ഉപരോധിക്കുന്ന സമരത്തിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്ന് സർക്കാരിനെയും കരാറുകാരനെയും യൂത്ത് കോൺഗ്രസ് ഓർമപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഇൻചാർജ് അസീസ് കാര അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ കുരിക്കൾ സൈദ്, പൊതിയിൽ വാപ്പുട്ടി, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, യൂത്ത് കോൺഗ്രസ്നേ നേതാക്കളായ ടിജോ ജോസ്, ആഷിക് വറോടൻ, രമേശ് ഗുപ്ത, റസാഖ് മംഗലത്ത്, മിഥുലാജ്, എം.അജേഷ്, ശ്യാം പ്രകാശ്, ഷാനിർബാബു, ഫൈസൽ കൊന്നപ്പടി, ഗംഗ ചേറുംകുളം, കാർത്തിക്, ജിഷ്ണു, ശ്രീജിത്ത്, മുനീർ തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ പത്തോളം
പേർക്കെതിരെ പൊലീസ് കേസെടുത്തു.