പാലക്കാട്: മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുലുക്കല്ലൂർ, മുളയൻകാവ് ആനന്ദ് (39) നെയാണ് പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബിസിനസ്സ് ആവശ്യത്തിനാണ് എന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽ നിന്നും പ്രതിയായ ആനന്ദ് പല തവണകളിലായി 61 ലക്ഷം രൂപ വാങ്ങിക്കുകയും, പണം തിരികെ ചോദിച്ച സമയം സർക്കാരിൽ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ട് എന്നും, മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായി ഉള്ള വ്യാജ രേഖകൾ കിഷോറിന് കാണിച്ചു കൊടുക്കുകയും, ഇക്കാര്യങ്ങൾ വേഗത്തിൽ ആക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രിക്ക് പേ ടിഎം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ സംശയം തോന്നിയ കിഷോർ പട്ടാമ്പി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി R. ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർന്ന് സൈബർ വിദഗ്ദരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും, വ്യാജ രേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റ് തെളിവുകളും കണ്ടെടുക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. ഷൊർണ്ണൂർ DYSP ആർ. മനോജ്‌കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പട്ടാമ്പി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, SI മാരായ മണികണ്ഠൻ.കെ, മധുസൂദനൻ.കെ ASI മണി. എൻ.എസ്, സൈബർ സെൽ ഉദ്യോഗസ്ഥരായ വിനീത്കുമാർ.ബി, ഷെബിൻ.കെ.എം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.