മണ്ണാർക്കാട്: തിരുവിഴാംകുന്ന് കരടിയോടിൽ, കാലിനു മുറിവേറ്റനിലയിൽ കണ്ടെത്തിയ കാട്ടാനയെ ചികിത്സയ്ക്കു ശേഷം ഇന്നലെ കാടുകയറ്റി. മയക്കു വെടിയേറ്റ് സ്വകാര്യസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കുട്ടിക്കൊമ്പനെ, മയക്കം പൂർണമായും വിട്ടശേഷമാണ് സൈലന്റ് വാലി ഉൾവനത്തിലേക്ക് തുരത്തിയത്. ഒരാഴ്ചയിലേറെയായി അമ്പലപ്പാറ, ഇട്ടവാരി പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ ആന. മുമ്പ് വനപാലകർ ഏറെ പരിശ്രമിച്ചെങ്കിലും ആന മയക്കത്തിലായതിനാൽ തുരത്താനായില്ല. ആനയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർദേശിച്ചു. 20 പേരടങ്ങുന്ന സംഘം രാത്രിമുഴുവനും ആനയെ നിരീക്ഷിച്ചു. രാത്രി 11ന് മയക്കം വിട്ടുണർന്ന ആന പൂർണ ആരോഗ്യവാനായി കാണപ്പെടുകയും തീറ്റയെടുക്കുകയും ചെയ്തതായി വനംവകുപ്പധികൃതർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെ നിരീക്ഷിച്ച ശേഷം കാടുകയറ്റി.
കഴിഞ്ഞദിവസം അമ്പലപ്പാറ മലയിലേക്ക് ആനയെ കയറ്റിവിടാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുജനസുരക്ഷയെ കരുതി വരും ദിവസങ്ങളിലും പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധനയുണ്ടാകുമെന്ന് മണ്ണാർക്കാട് റേഞ്ചോഫീസർ എൻ. സുബൈർ അറിയിച്ചു. ആനയെ നിരീക്ഷിക്കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായും അധികൃതർ പറഞ്ഞു.
പത്തുവയസ്സുള്ള ആനയുടെ ഇടതുപിൻകാലിലാണ് മുറിവ്. ഞായറാഴ്ചയാണ് വനംവകുപ്പ് മയക്കു വെടിവെച്ച് തളച്ച് ചികിത്സ നൽകിയത്. തുടർന്ന്, സ്വതന്ത്രനാക്കി കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും കുറച്ചുനേരം പരിസരത്ത് അലഞ്ഞുനടന്ന ആന തിരിച്ചെത്തുകയായിരുന്നു.
അതേസമയം, സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തുടർചികിത്സ ഉറപ്പാക്കിയശേഷം കാട്ടിലേക്ക് വിട്ടയക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പധികൃതർ പരിഗണിച്ചില്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്താൻ സാധ്യതയുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ ഇക്കാര്യമാവശ്യപ്പെട്ടത്.