പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ് പറഞ്ഞു. സംഘടനാ പരിപാടികൾക്കാണ് പാലക്കാടെത്തിയത്. താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രമാണെന്നും വി വസീഫ് പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി വസീഫ്.
അതിനിടെ, പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിന് സാധ്യതകൾ മങ്ങിയതായും റിപ്പോർട്ടുകൾ വരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാടിലാണ് ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തിയിരുന്നു. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു