മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന്, കുമരംപുത്തൂർ പുല്ലൂന്നി പട്ടികവർഗ ഗ്രാമങ്ങളിലെ നാലുപേരെക്കൂടി വയറിളക്ക രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 11 മാസം പ്രായമുള്ള കുട്ടിയുമുണ്ട്. കുമരംപുത്തൂർ പുല്ലൂന്നിയിലെ, മരിച്ച മാതന്റെ മകൾ മായ (22), ഇവരുടെ 11 മാസം പ്രായമുള്ള ആൺകുട്ടി, മാതന്റെ മകന്റെ ഭാര്യ സുന്ദരി (26), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഗ്രാമത്തിലെ തങ്കമണി (35) എന്നിവരെയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുണ്ടക്കുന്ന് ഗ്രാമത്തിലെ വെള്ളച്ചി, രാജൻ, പുല്ലൂന്നിയിലെ മാതന്റെ മക്കളായ സന്തോഷ്, മനോജ് എന്നിവരും ചികിത്സയിലുണ്ട്. ഇരുഗ്രാമങ്ങളിൽനിന്നായി ഇതോടെ, വയറിളക്കം പിടിപെട്ട് ചികിത്സതേടിയവരുടെ എണ്ണം എട്ടായി. മാധവി (60), മാതി (56), മാതൻ (78) എന്നിവരാണ് വയറിളക്ക രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്തം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭ്യമായിട്ടില്ല. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജലജന്യരോഗങ്ങൾക്ക് ഇടവരുത്തുന്ന വൈറസാണ് രോഗം പരത്തുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
കാഞ്ഞിരപ്പുഴ മുണ്ടക്കുന്നിലും കുമരംപുത്തൂർ പുല്ലൂന്നിയിലും ആരോഗ്യവിഭാഗം പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാർ, ആശ പ്രവർത്തകർ, എസ്.ടി. പ്രമോട്ടർമാർ എന്നിവർ ദിവസവും ഗ്രാമങ്ങളിലെത്തി ആളുകളുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. രോഗമുണ്ടെന്ന് സംശയം തോന്നുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യുന്നു.
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം, വ്യക്തിശുചിത്വം പാലിക്കണം, ഉപയോഗിക്കുന്ന വെള്ളവും ജലസ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്യണം എന്നീ കാര്യങ്ങളും നിർദേശിച്ചിട്ടുണ്ട്. മുണ്ടക്കുന്നിൽനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ, ഗ്രാമത്തിൽ ജലസേചനം നടത്തുന്ന കാഞ്ഞിരപ്പുഴ പദ്ധതിയിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീടുകളിൽത്തന്നെ വെള്ളം ക്ലോറിനേഷൻ ചെയ്യാനായി ക്ലോറിൻ ഗുളികകൾ വിതരണം ചെയ്യാനും തീരുമാനിച്ചു. പുല്ലൂന്നിയിലും സമാനമായ പ്രതിരോധപ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
അതേസമയം, പകർച്ചവ്യാധിക്ക് സമാനമായ ലക്ഷണങ്ങളുള്ളതിനാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കാൻ ഗ്രാമവാസികൾക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണമേർപ്പെടുത്താനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. തുടർമരണങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു. ജില്ലാ പട്ടികവർഗ വികസന ഓഫീസറും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്ത് അധികൃതർ, പോലീസ് എന്നിവരുടെ സേവനവും ഗ്രാമങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
മുണ്ടക്കുന്നിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി, പൈപ്പിലൂടെയുള്ള ജലവിതരണം കഴിഞ്ഞദിവസം ആരംഭിച്ചു. രണ്ട് ദിവസമായി തുടർച്ചയായി വെള്ളമെത്തുന്നുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. പൊതുകിണർ നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അറിയിച്ചു.
കാഞ്ഞിരപ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നെൽസന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവും കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്