റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം യാഥാർഥ്യമാകുന്നു. ദിയാധനം സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പുനൽകാമെന്ന്, കൊല്ലപ്പെട്ട സൗദിയുവാവിന്റെ കുടുംബം ചൊവ്വാഴ്ച ഔദ്യോഗികമായി റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചു. അതോടെ, വധശിക്ഷ കോടതി റദ്ദാക്കി. റഹീമിന്റെ ജയിൽമോചനം ഉടൻ സാധ്യമാകും. മാപ്പുനൽകിക്കൊണ്ടുള്ള സമ്മതപത്രം റിയാദ് കോടതി ഉടൻ റിയാദ് ഗവർണറേറ്റിന് കൈമാറും.
കൊല്ലപ്പെട്ട അനസ് അൽ ഷഹ്‌റിയുടെ കുടുംബം ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (ഏകദേശം 35 കോടി രൂപ) നേരത്തേതന്നെ റിയാദ് ക്രിമിനൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കേസ് കോടതിയുടെ പരിഗണനയ്ക്കുവന്നിരുന്നെങ്കിലും സൗദിയുവാവിന്റെ കുടുംബം എത്തിയിരുന്നില്ല. തുടർന്നാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിലാണ്. ജയിൽമോചിതനായശേഷം റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്കയക്കും.