മണ്ണാർക്കാട്: ഇരുനൂറു വർഷങ്ങളോളം പാരമ്പര്യമുള്ള മണ്ണാർക്കാട്ടെ പ്രശസ്തമായ മുസ്ലിം തറവാടായ കല്ലടി കുടുംബാംഗങ്ങളുടെ ഒത്തുചേരൽ നാളെ നടക്കും. കേരളത്തിന് പുറത്തും, വിദേശങ്ങളിലുമായി താമസിക്കുന്ന അഞ്ഞൂറിലധികം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലബാറിൽ മുഴുവനായും തെക്കൻ കേരളത്തിൽ ഭാഗികമായും പടർന്ന് പന്തലിച്ചു കിടക്കുന്നതാണ് ഈ പഴയ തറവാട്. കുടുംബ സ്ഥാപകൻ എന്നറിയപ്പെടുന്നത് ജനാബ് കല്ലടി മൊയ്തുട്ടി സാഹിബാണ്.അദ്ദേഹത്തിന് ഒൻപത് പുത്രന്മാരും, അഞ്ചു പുത്രിമാരുമാണുണ്ടായിരുന്നത്. പ്രസ്തുത സന്താന പരമ്പരയിലെ പിൻ തലമുറക്കാരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ആറോ ഏഴോ തലമുകളിലെത്തി നിൽക്കുന്നതാണ് ഇന്നത്തെ അവസ്ഥ.
മണ്ണാർക്കാടിന്റെ ചരിത്രം ഈ തറവാടുമായി ഇഴ ചേർന്നു കിടക്കുന്നു എന്ന് ചരിത്രരേഖകൾ പരിശോധിച്ചാൽ കാണാനാകും. മണ്ണാർക്കാടിന്റെ ദേശീയോത്സവമായ മണ്ണാർക്കാട് പൂരത്തിന് ആദ്യകാലങ്ങളിൽ കല്ലടികുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിക്കാനാവില്ലെന്ന് മണ്ണാർക്കാട് പൂരാഘോഷകമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എം പുരുഷോത്തമൻ സാക്ഷ്യപെടുത്തുന്നു. വീഡിയോ കാണാം 👇🏻
കല്ലടി കുടുംബത്തിന്റെ സ്ഥാപകൻ ഉപ്പാപ്പ എന്നറിയപ്പെടുന്ന മൊയ്തുട്ടി സാഹിബിന്റെ പൂർവ്വിക തലമുറയിലെ ശേഷക്കാർ മണ്ണാർക്കാട് പരിസരത്ത് തന്നെയുള്ള പുല്ലിശ്ശീരി, കോട്ടോപ്പാടം,താഴെക്കോട് പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. മണ്ണാർക്കാടും പരിസരങ്ങളിലുമായി ഏകദേശം അമ്പതിലേറെ വീടുകൾ ഈ തറവാട്ടുകാരുടേതായിട്ടുണ്ട്
മണ്ണാർക്കാട്ടെ ഏറ്റവും വലിയ മുസ്ലീം പള്ളികളിൽ ഒന്നായ മണ്ണാർക്കാട്ടെ വലിയ ജുമാമസ്ജിദിന്റെ നടത്തിപ്പും കല്ലടി കുടുംബാംഗങ്ങളാണ് വഹിക്കുന്നത്. മണ്ണാർക്കാട് തന്നെയുള്ള നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള തമിഴ് മുസ്ലിം പള്ളി-ഹനഫി ജുമാമസ്ജിദ്- ഈ വലിയ പള്ളിയുമായി ബന്ധിക്കപ്പെട്ടതുമാണ്.
മണ്ണാർക്കാടിന്റെ മുഖച്ഛായ മാറ്റിയെടുത്തതിലും ഈ കുടുംബത്തിന് അനല്പമായ പങ്കാളിത്തമുണ്ട്. മണ്ണാർക്കാടിന്റെ ആധുനിക വിദ്യാഭ്യാസ രംഗത്തും ഈ തറവാട്ടുകാരുടെ മുഖമുദ്രകളും വിരൽപ്പാടുകളും തങ്കത്തിളക്കത്തിൽ ഇന്നും എന്നും തെളിമയോടെ പരിലസിക്കുന്നുമുണ്ട്. എ.ഇ.എസ് കല്ലടി കോളേജ്, കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം
ഇങ്ങിനെയൊക്കെയുള്ള ഒരു തറവാട്ടുകാരുടെ കുടുംബ സംഗമമാണ് ജൂലൈ ഏഴിന് ഞായറാഴ്ച നൊട്ടമ്മലക്കുന്നിലെ എസ് കെ കൺവെൻഷൻ സെന്ററിൽ നടക്കാനിരിക്കുന്നത്. കേരളത്തിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറം രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം കുടുംബാഗങ്ങൾ പങ്കെടുക്കുമെന്നാണ് സംഘാടക ഭാരവാഹികൾ കണക്ക് കൂട്ടുന്നത്. ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിനു മുൻപ് രണ്ടായിരത്തിയിരുപത് ജനുവരി ഇരുപത്തിയാറിനാണ് "കല്ലടി മജ്ലിസ്"ഇതേ സ്ഥലത്ത് വെച്ച് തന്നെ നടന്നത്.
ഇടയ്ക്ക് കേറി വന്ന മഹാമാരി, കൊറോണ കാരണം മൂന്നു വർഷത്തെ കാല താമസം വന്നു ഭവിച്ചതാണ്.
പഴയതും പുതിയതുമായ കുടുംബ തലമുറകൾക്കിടയിൽ വിടവുകളും, അപരിചിതത്ത്വവുമില്ലാതെ, ബന്ധങ്ങളറ്റു പോകാതെ വിളക്കിച്ചേർത്ത് സജീവതയോടെ, പരസ്പര സഹകരണത്തോടെ, അഭിമാനപൂർവ്വം, അന്തസ്സോടെ, സ്നേഹമസൃണതയോടെ നിലനിറുത്തി നടത്തിക്കൊണ്ട് പോവുക എന്നതാണ് ഈ സുമോഹന സുരഭില സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്