മണ്ണാർക്കാട്: കുക്കിംഗ് ഗ്യാസ് കണക്ഷൻ മസ്റ്ററിംഗിൽ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സേവ് മണ്ണാർക്കാട് ജനകീയകൂട്ടായ്മ അംഗങ്ങൾ ഇന്ത്യൻ ഗ്യാസ് ഏജൻസി ഉടമയുമായി ചർച്ച നടത്തി. എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് കേന്ദ്രസർക്കാർ മസ്റ്ററിംഗ് നിർബന്ധമാക്കിയത്. രണ്ട് മാസം പിന്നിട്ടപ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന അനൗദ്യോഗിക മുന്നറിയിപ്പുകൾ പുറത്ത് വന്നതോടെ ജനങ്ങൾ പരിഭ്രാന്തരാകുകയായിരുന്നു. തുടർന്ന് ഗ്യാസ് ഏജൻസികൾക്ക് മുമ്പിൽ നീണ്ട ക്യൂ രൂപപ്പെട്ടു. മണ്ണാർക്കാട്ടും ഈ ദുരവസ്ഥ ഉണ്ടായതോടെ ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട്ടെ ഇന്ത്യൻ ഗ്യാസ് ഏജൻസി ഉടമ അനൂപുമായി സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, സെക്രട്ടറിയേറ്റ് അംഗം സി ഷൗക്കത്ത് അലി എന്നിവർ ഇന്ന് ചർച്ച നടത്തുകയായിരുന്നു.
മസ്റ്ററിംഗ് സംബന്ധിച്ച് നിർബന്ധ സാഹചര്യം നിലവില്ല എങ്കിലും ജനങ്ങൾ ആശങ്കമൂലം ധൃതി വെക്കുകയാണെന്ന് അനൂപ് സേവ് മണ്ണാർക്കാട് ഭാരവാഹികളെ അറിയിച്ചു. നിലവിൽ എത്തുന്ന എല്ലാവർക്കും മസ്റ്ററിംഗ് ചെയ്ത് നൽകുന്നുണ്ട് എന്നും, ഉൾപ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട് എന്നും, വിതരണ ജീവനക്കാരും ചെയ്ത് നൽകുന്നുണ്ട് എന്നും അനൂപ് പറഞ്ഞു. കിടപ്പു രോഗികളാണെങ്കിൽ വീടുകളിൽ പോയി ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടെന്നും അനൂപ് പറഞ്ഞു.
ഓഫീസിൽ വരുന്ന ഉപഭോക്താക്കൾക്ക് ടോക്കൺ സംവിധാനം ഒരുക്കിയാൽ സൗകര്യപ്പെടും എന്ന സേവ് മണ്ണാർക്കാടിന്റെ നിർദേശത്തെ അനൂപ് സ്വാഗതം ചെയ്യുകയും, അത് ഏർപ്പെടുത്താമെന്നും ഉറപ്പ് നൽകി