മണ്ണാർക്കാട്: പുഴയ്‌ക്ക് കുറുകെയുള്ള വൈദ്യുതലൈനിലേക്ക് കടപുഴകിവീണ തെങ്ങ് പുഴയിലിറങ്ങി സാഹസികമായി മുറിച്ചുനീക്കി വൈദ്യുതി ജീവനക്കാർ. നെല്ലിപ്പുഴ പാലത്തിന് സമീപമാണ് സംഭവം.
പുഴയോരത്തുള്ള തോട്ടത്തിലെ തെങ്ങ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ വൈദ്യുത ലൈനിലേക്ക് പതിക്കുകയായിരുന്നു. തച്ചമ്പാറ ഫീഡറിലേക്കുള്ള എച്ച്.ടി. ലൈനായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പുഴ ഇലക്‌ട്രിക്കൽ സെക്ഷനിലെ വൈദ്യുതിജീവനക്കാർ തെങ്ങ് മുറിച്ചുനീക്കാൻ മുന്നിട്ടിറങ്ങി. ലൈൻമാൻ അബ്ദുൾ ഹസൻ നെഹ്മത്ത്, വർക്കർ സി.പി. രമേശ് എന്നിവർ പുഴയിലേക്കിറങ്ങി.
പുഴയിൽ കുത്തൊഴുക്കുണ്ടായിരുന്നു. തെങ്ങിൻതടിക്ക് കുറുകെ കയറിട്ട് ഇത് ഇരുവരുടെയും അരയിൽബന്ധിച്ച് സുരക്ഷ ഉറപ്പുവരുത്തിയായിരുന്നു തെങ്ങുമുറിച്ചുനീക്കൽ. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കൊമ്പുവെട്ടുന്ന ഉപകരണം ഉപയോഗിച്ച് അരമണിക്കൂറോളം പ്രയത്നിച്ചാണ് തെങ്ങ് മുറിച്ചത്. അപകടമില്ലാതെ തെങ്ങിന്റെ തലഭാഗം വെള്ളത്തിലേക്ക് വീഴുകയുംചെയ്തു. സബ് എൻജിനിയർ പി. മണികണ്ഠൻ, ഓവർസിയർ ഹരിദാസ്, ലൈൻമാൻ ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
കടപ്പാട്