"കള്ളന്മാരുടെ വീട്" എന്ന ചിത്രത്തിന്റെ സംവിധായകൻ അറസ്റ്റിൽ

സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്നും നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് ഇറച്ചി വ്യാപാരിയില്‍ നിന്നും അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. കള്ളന്മാരുടെ വീടെന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് ഹേമാംബിക നഗര്‍ പൊലീസിന്റെ പിടിയിലായത്. അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് പണം നഷ്ടപ്പെട്ടത്. 

രണ്ട് ലക്ഷം രൂപ സഹായിച്ചാല്‍ സിനിമയില്‍ നല്ല വേഷം തരാമെന്ന് വിശ്വസിപ്പിച്ചും പിന്നീട് നിര്‍മാണത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഒരു വര്‍ഷത്തിനിടെ കൈമാറിയ പണം തിരികെ ചോദിച്ചപ്പോള്‍ പലതവണ അവധി പറഞ്ഞതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. കാജാ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. കാജാ ഹുസൈനെ പാലക്കാട് കോടതിയില്‍ ഹാജരാക്കി.

മുൻപ്, ചിത്രത്തിന്റെ പ്രൊമോഷനിൽ നടൻ ബിജുക്കുട്ടൻ പങ്കെടുത്തില്ല എന്ന പേരിൽ സംവിധായകൻ ഉന്നയിച്ച ആരോപണം വാർത്തയായിരുന്നു. ബിജുക്കുട്ടൻ അഡ്വാൻസ് തുക വാങ്ങിയിട്ടും സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയാണെന്ന് സംവിധായകൻ ആരോപിച്ചിരുന്നു. 

പ്രമോഷനൽ പരിപാടികളെക്കുറിച്ച് അണിയറപ്രവർത്തകരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും മുതിർന്ന അഭിനേതാക്കൾ ഉൾപ്പെടെ ആരും പ്രമോഷനു താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു വാദം.
Previous Post Next Post

نموذج الاتصال