പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ ഒരു വിഭാഗം ഇടഞ്ഞേക്കുമെന്ന് ആശങ്ക. മുരളിയും മത്സരിക്കാൻ അതൃപ്തി പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് നീക്കം. മുരളിയെത്തിയാൽ ഗ്രൂപ്പ് മറന്ന് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎമ്മിൽ ആലോചന.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി ആവശ്യമുന്നയിച്ച് ജില്ലയിലെ മുതിർന്ന ബിജെപി നേതാക്കൾ. ശോഭ മത്സരിച്ചാൽ ബിജെപിക്ക് നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. ശോഭ മത്സരിച്ചാൽ സിപിഐഎമ്മിന് കെട്ടിവെച്ച പൈസ പോലും കിട്ടില്ല. ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസേർവ് ബാങ്ക് ആണ് ശോഭ സുരേന്ദ്രൻ എന്നും അദ്ധേഹം കൂട്ടിച്ചേർത്തു