പെരിന്തൽമണ്ണ: ആൾത്താമസമില്ലാത്ത വീടുകളിൽ രാത്രി മോഷണംനടത്തുന്ന അൻപതിലേറെ മോഷണക്കേസുകളിലെ പ്രതിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ അണ്ടത്തോട് സ്വദേശി തോട്ടുങ്ങൽ സജീറി(38)നെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ആൾത്താമസമില്ലാത്ത വീടുകളിലെ മോഷണക്കേസുകൾ റിപ്പോർട്ടായതോടെ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാന കേസുകളിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ സജീറിനെക്കുറിച്ച് പടപ്പറമ്പ് ഭാഗത്ത് താമസിക്കുന്നതായി സൂചന ലഭിച്ചു. തുടർന്ന് താമസ സ്ഥലത്തിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022-ൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയശേഷം ഗുരുവായൂർ, പട്ടാമ്പി, കൊപ്പം, ആലത്തൂർപ്പടി, പടപ്പറമ്പ് എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ചോദ്യംചെയ്യലിൽ ഈ ജനുവരി 27-ന് പെരിന്തൽമണ്ണ തണ്ണീർപ്പന്തൽ സ്വദേശിയുടെ വീടിന്റെ വാതിൽ തകർത്ത് നാലരപ്പവൻ സ്വർണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും മോഷണം പോയതടക്കം അൻപതോളം മോഷണങ്ങൾ നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞൂവെന്ന് പോലീസ് അറിയിച്ചു. ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയശേഷം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഒളിവിൽത്താമസിച്ചിരുന്നു. രാത്രി ബൈക്കിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് അർധരാത്രി മോഷണം നടത്തുകയായിരുന്നു രീതി. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ താമസസ്ഥലം മാറുകയാണ് പതിവ്. പ്രതിയുടെ പേരിൽ നിരവധി അറസ്റ്റ് വാറന്റുകൾ നിലവിലുള്ളതായും പോലീസ് അറിയിച്ചു