ഐപിഎല്ലിലേക്ക് സര്‍പ്രൈസ് എൻട്രിയുമായി പെരിന്തല്‍മണ്ണക്കാരൻ

കേരളത്തില്‍ നിന്ന് ഒരു പുതിയ താരം കൂടി ഐപിഎല്‍ സീസണില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 23-കാരൻ വിഘ്നേഷ് പുത്തൂർ. ലേലത്തിലെ അപ്രതീക്ഷിത എൻട്രിയായിരുന്നു വിഘ്നേഷ്. ഇടങ്കയ്യൻ സ്പിൻ ബൗളറായ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചത്.

പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ വിഘ്നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് പാഠങ്ങള്‍ പകർന്നു നല്‍കിയത്. പിന്നീട് കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളില്‍ കളിച്ചു. ഇതുവരെ കേരള സീനിയർ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല. അതിന് മുമ്ബാണ് ഐപിഎല്‍ ഭാഗ്യം തേടിയെത്തിയത്. പ്രഥമ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജില്‍ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ്.

ലേലത്തിനു മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു. ഇനി രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പർ താരങ്ങള്‍ക്കൊപ്പമാകും വിഘ്നേഷ് കളിക്കുക. ഇത്തവണ 12 മലയാളി താരങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. അതില്‍ മൂന്ന് പേരെ മാത്രമാണ് ടീമുകള്‍ വിളിച്ചെടുത്തത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിങ്സും സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും ടീമിലെടുത്തു.
Previous Post Next Post

نموذج الاتصال