പരസ്യപ്രചാരണം ഇന്നവസാനിക്കും; കൊട്ടിക്കലാശത്തിന് വയനാടും ചേലക്കരയും

                        പ്രതീകാത്മക ചിത്രം 

വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ നേതാവ് സത്യൻ മൊകേരിയാണ് എൽ.ഡി.എഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർഥി. ചേലക്കരയിൽ എൽ.ഡി.എഫിനായി യു.ആർ പ്രദീപും യു.ഡി.എഫിനായി രമ്യ ഹരിദാസും എൻ.ഡി.എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20-ലേക്ക് നീട്ടി.പാലക്കാട് 18-നാണ് പരസ്യപ്രചാരണം അവസാനിക്കുക.

സ്ഥാനാർഥികൾ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ ഓടിയെത്തി വോട്ട് തേടാനുള്ള അവസാനതിരക്കിലാണ്. സത്യൻ മൊകേരി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപനം.

ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാപനമാകും.വൈകുന്നേരം നാലരയോടെ സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണരീതി. ഭരണവിരുദ്ധ വികാരം എടുത്തുകാട്ടി നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രവർത്തിച്ചത്.

വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശച്ചൂടിലാണ്. കൊട്ടിക്കലാശത്തിനുള്ള ഒരുക്കത്തിലാണ് മൂന്നു മുന്നണികളും . പതിവിൽനിന്നു വ്യത്യസ്തമായ പ്രചാരണരീതികളാണ് ഇത്തവണ വയനാട്ടിൽ കണ്ടത്. വൈകിട്ട് അഞ്ചോടെയാണ് കൊട്ടിക്കലാശമെങ്കിലും കോൺഗ്രസിന്റെ പ്രചാരണ സമാപന പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.

പ്രിയങ്ക ഗാന്ധിയ്ക്ക് വേണ്ടി രാഹുൽ ഗാന്ധിയും പ്രചാരണത്തിലായി വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ രണ്ടു പൊതുറാലികൾ വയനാട്ടിൽ നടക്കുന്നുണ്ട്. സുൽത്താന് ബത്തേരിയിലെ റാലിയിൽ പ്രിയങ്കയോടൊപ്പം കെ.എസി. വേണുഗോപാലുമെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെല്ലാം തന്നെ പ്രിയങ്കയ്ക്കായി എത്തും. പ്രിയങ്കയ്ക്ക് ഒപ്പം മകനും റാലിയിൽ കൂടെയുണ്ട്
Previous Post Next Post

نموذج الاتصال