നടിമാർക്കൊപ്പം അടുത്തിടപഴകാമെന്ന് പ്രലോഭനം; ഗൾഫ് മലയാളികളുടെ പണം തട്ടിയ പ്രതി പിടിയിൽ

കൊച്ചി: സിനിമാ നടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡിൽ ഇ.എൻ.ആർ.എ. 177-ൽ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹൻ (37) ആണ് കൊച്ചി സൈബർ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ മലയാളികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയാണിയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. നടികൾ വിദേശ സന്ദർശനത്തിനെത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകും. ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായിരുന്ന പ്രതി ഈ ഗ്രൂപ്പുകളിലും പരസ്യം നൽകിയിരുന്നു.

പരസ്യം വിശ്വസിച്ച് ഒട്ടേറെപ്പേർ 20,000 രൂപ മുതൽ 30,000 രൂപ വരെ പ്രതിക്ക് മുൻകൂറായി നൽകിയിരുന്നു. പിന്നീടിത് കബളിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവർ നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ല. തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ട യുവ നടിമാർ പരാതിപ്പെട്ടതോടെ ഇടപാടുകാരെന്ന വ്യാജേന സൈബർ പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.
Previous Post Next Post

نموذج الاتصال