മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് ഇടപെട്ടു. വലിയ അപകടഭീഷണി ഉയർത്തിയ പാതാളക്കുഴി മണ്ണിട്ട് സഞ്ചാരയോഗ്യമാക്കി, മണ്ണാർക്കാട് ഉപജില്ല സ്ക്കൂൾ കലോത്സവം നടക്കുന്ന കല്ലടി സ്ക്കൂളിന് മുന്നിലെ പാതാളക്കുഴിയാണ് നികത്തിയത്.

കനത്തമഴയെ തുടർന്ന് മണ്ണും കല്ലും ഒലിച്ചു പോയതിനെ തുടർന്നായിരുന്നു ഉപജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിന് മുന്നിലെ ദേശീയപാതക്കരികിൽ പാതാളക്കുഴി രൂപപ്പെട്ടത്. ഈ ഭാഗത്ത് നടപ്പാത ഇല്ലാത്തതും, മഴപെയ്താൽ വെള്ളം നിറഞ്ഞ് കുഴി തിരിച്ചറിയാനാവാത്തതും കാരണം വലിയ അപകടം ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മണ്ണാർക്കാട് ഓൺലൈൻ ന്യൂസ് വാർത്ത നൽകിയിരുന്നു. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഉടനെ ആളുകളുടെ സുരക്ഷക്ക് പ്രാമുഖ്യം നൽകി കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. 4,5,6 തീയ്യതികളിൽ പകലും, രാത്രിയുമായി നടക്കുന്ന കലോത്സവത്തിൽ മണ്ണാർക്കാട് സബ്ജില്ലയിലെ എല്ലാ സ്ക്കൂളുകളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകുമെന്നതിനാൽ എല്ലാ സമയങ്ങളിലും ഇതുവഴി ജനസഞ്ചാരം ഉണ്ടാവുമെന്നതിനാൽ, അപകടക്കുഴി നികന്നത് ഏവർക്കും വലിയ ആശ്വാസമായി. അപകടസാധ്യത പൂർണ്ണമായും ഒഴിവായിട്ടില്ലെന്നും കല്ലടി കോളജ് മുതൽ ചുങ്കം വരെ റോഡരികിൽ നടപ്പാതയില്ലാത്തത് കാരണം നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നതെന്നും ദേശീയപാതയുമായി ബന്ധപ്പെട്ട അധികാരികൾ ആ വിഷയത്തിൽ കൂടി പരിഹാരം ഉണ്ടാക്കണമെന്നും കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ എം. ഷഫിഖ് റഹിമാൻ പറഞ്ഞു.